വിഷം വമിപ്പിക്കുന്നത് കാണാതെ പോകരുത്; റെയില്‍വേയെയും വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു
കൊച്ചി: കേരളത്തിലെ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉദ്ഘാടന ചടങ്ങായിരുന്നു എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റേത്. വലിയ ആഘോഷപൂര്‍വ്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എന്നാല്‍ വലിയൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതാണ് വലിയ വിവാദമായത്. ദക്ഷിണ റെയില്‍വേ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുക കൂടി ചെയ്തതോടെ വിവാദത്തിന്റെ ശക്തി കൂടി.
സംഭവത്തില്‍ സിപിഎമ്മും യുഡിഎഫും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങില്‍ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. വിവാദമായതോടെ റെയില്‍വേ വീഡിയോ പിന്‍വലിച്ചെങ്കിലും വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

വര്‍ഗീയ പ്രചാരണത്തിന് ഇന്ത്യന്‍ റെയില്‍വേയെ പോലും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയ വിഷം കലര്‍ത്തി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സംഘപരിവാറെന്നും അതാണ് വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടന ചടങ്ങിലും കണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് കേരള സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് കുറുപ്പില്‍ പറഞ്ഞു.
വിഡി സതീശന്‍ ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനത്തിന്റെ പൂര്‍ണരൂപം:
എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചരണത്തിന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യന്‍ റെയില്‍വേയെയും കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയ വിഷം കലര്‍ത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിലും കണ്ടത്.
സ്വാതന്ത്ര്യ സമരത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും ഒറ്റുകൊടുക്കുകയും ദേശീയതയ്ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമുള്ള സംഘ്പരിവാര്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം തിരുത്തിയെഴുതിയും പാഠ്യപദ്ധതി കാവിവത്ക്കരിച്ചും സമൂഹത്തില്‍ വിഷം വമിപ്പിക്കുന്നത് കാണാതെ പോകരുത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ബി.ജെ.പിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ശ്രമത്തെ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും.












Click it and Unblock the Notifications