'ബ്രഹ്മപുരത്ത് മന:പ്പൂർവം തീകൊളുത്തിയത്, കരാറുകൾ സിപിഎം നേതാക്കളുമായി ബന്ധമുള്ളവർക്ക്: വിഡി സതീശൻ

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സര്‍ക്കാരും അതിന്റെ കീഴില്‍ നില്‍ക്കുന്ന കോര്‍പ്പറേഷനും പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
തീപിടിച്ചതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും കോടികളുടെ അഴിമതിയാണ് ബ്രഹ്മപുരത്ത് നടത്തെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാരുകാരെല്ലാം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. മാലിന്യം നീക്കം ചെയ്യാന്‍ പണം കൈപ്പറ്റിയ കരാറുകാര്‍ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങള്‍ തരംതിരിച്ചിട്ടില്ല. ഇപ്പോള്‍ കരാര്‍ കാലാവധി പുതുക്കേണ്ട സമയമാണ്.
അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. എത്ര മാലിന്യം ഉണ്ടെന്നതിന് ഒരു കണക്കുമില്ല. മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സര്‍ക്കാരും കോര്‍പറേഷനും മിണ്ടാതിരിക്കുകയാണ്. അന്വേഷണത്തെ കുറിച്ചല്ല മന്ത്രി പറയുന്നത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അതേസമയം, ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തി. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.
കോര്‍പറേഷന്‍, കിന്‍ഫ്ര, ഫാക്ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ പ്രതിസന്ധി നേരിട്ടപ്പോള്‍ ഫാക്ടിന്റെ അമ്പലമേടുള്ള സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. ഫാക്ട് ഈ സ്ഥലം പിന്നീട് കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു.
ഇതിനിടെ, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.
വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞു. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷന്‍ ചൊവ്വാഴ്ചയും തുടരും.
കഴിഞ്ഞ നാലു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനായി ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാംപ് ചെയ്ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തും.
വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്റ്റേഷനില്‍ 146, എലൂര്‍ സ്റ്റേഷനില്‍ 92 മാണ് പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ തോത് കാണിക്കുന്നത്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച (06032023) രാത്രിയും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.












Click it and Unblock the Notifications