'കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ഒഴിവാക്കിയില്ലെ?, സിപിഎം ബിജെപിയുടെ ബി ടീം'; വിഡി സതീശന്‍
കണ്ണൂര്‍: ബി ജെ പിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതേ പാതയിലാണ് കേരളത്തിലെ സി.പി.എം നേതൃത്വവും. പ്രശ്നമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മീഷന്‍ 2018- ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. മുസ്ലീകളെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെടെ വിവിധ ജാതികളിലും മതങ്ങളിലുംപെട്ട ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്.'

'കരട് ബില്‍ പോലും പുറത്ത് വരുന്നതിന് മുന്‍പെ ഹിന്ദു- മുസ്ലീം പ്രശ്നമാക്കി വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആ കെണില്‍ ആരും പെടരുതെന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പി ദേശീയ തലത്തില്‍ എടുത്തിരിക്കുന്ന അതേ തന്ത്രമാണ് കേരളത്തില്‍ സി.പി.എമ്മും സ്വീകരിക്കുന്നത്. ആ തന്ത്രവുമായി ഇങ്ങോട്ട് വരേണ്ട. പ്രക്ഷോഭം എങ്ങനെ നടത്തണമെന്ന് ഈ മാസം പത്തിന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും'.
'സി.പി.എമ്മിനൊപ്പമുള്ള ഒരു സമരത്തിനും കോണ്‍ഗ്രസോ യു.ഡി.എഫോ ഉണ്ടാകില്ല. സി.എ.എ, ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കാത്തത് ആരെ സന്തോഷിപ്പിക്കാനാണ്? കേസുകള്‍ റദ്ദാക്കാതെയാണ് വീണ്ടും പ്രക്ഷോഭത്തിന് വിളിക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു പരിപാടിയും കേരളത്തിലുണ്ടാകില്ല. ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ കേന്ദ്ര ഏജന്‍സികളുടെ കയ്യിലുള്ളത് കൊണ്ട് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പിലാണ് സി.പി.എം'
'കെ.സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിച്ച പിണറായി വിജയന്‍ കുഴല്‍പ്പണ കേസില്‍ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയില്ലെ? കാസര്‍കോട്ടെ കേസില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലല്ലോ? സുരേന്ദ്രനെ രക്ഷിക്കാനും സുധാകരനെ ജയിലില്‍ അടയ്ക്കാനും നോക്കി. സുരേന്ദ്രനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുക, സുധാകരനെ കൊല്ലാന്‍ ആളെ വിടുക. അതാണ് കേരളത്തിലെ സി.പി.എം. അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് പിണറായി ഓര്‍ക്കണം'.
'അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും സര്‍ക്കാരും നടത്തുന്നത്. അതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സി.പി.എം സഹയാത്രികനും പിണറായിയുടെ സന്തതസഹചാരിയുമായിരുന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസില്ല'.
'പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്റെ ഡിക്കിയി കൊണ്ടു പോയെന്ന് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആളാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്തിയ ആളും പങ്കാളിയാണ്. എന്നിട്ടും കേസില്ല. ഇത് ഇരട്ട നീതിയാണ്.'- വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications