ശനിയാഴ്‌ച പ്രവൃത്തി ദിവസമല്ല; ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്, കാരണം ഹൈക്കോടതി വിധി
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കാനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ. സർക്കാർ-എയ്‌ഡഡ് സ്‌കൂളുകളിലാണ് തീരുമാനം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്‌ച പ്രവർത്തിദിവസം ആയിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ആഗസ്‌റ്റ് ഒന്നിനാണ് ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെയാണ് സർക്കാർ താൽക്കാലികമായി പിൻവാങ്ങിയത്.

അധ്യാപക സംഘടനകൾ, വിദ്യാഭ്യാസ വിദഗ്‌ധർ എന്നിവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ വിഷയത്തിൽ അധ്യാപക സംഘടനകൾ ഉൾപ്പെടെ കടുത്ത എതിർപ്പാണ് അറിയിച്ചിരിക്കുന്നത്. വിവിധ അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തത്.
ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധവും ഉയർന്നുവന്നിരുന്നു. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയുള്ള നടപടിയാണ് ഇതെന്നായിരുന്നു പ്രധാനമായും അധ്യാപക സംഘടനകൾ ഉയർത്തുന്ന വാദം.
എന്നാൽ 220 പ്രവൃത്തി ദിവസം എന്ന ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കിയ രീതി അവതരിപ്പിച്ചത്. 25 ശനിയാഴ്‌ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന നിലയിലായിരുന്നു കലണ്ടർ. ഇതിനെതിരെയാണ് വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും പ്രതിഷേധം ഉയർന്നുവന്നത്.
പ്രതിപക്ഷ അധ്യാപക സംഘടനകൾ മാത്രമല്ല ഇക്കാര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള ഭരണകക്ഷി വിഭാഗവും എതിർപ്പറിയിച്ചിരുന്നു, സിപിഎം അധ്യാപക സംഘടനകളും സർക്കാരിനെ ഭിന്നാഭിപ്രായം അറിയിച്ചു. എന്നിട്ടും വഴങ്ങാതിരുന്ന സർക്കാർ ഹൈക്കോടതി ഇടപെടലോടെയാണ് ഇപ്പോൾ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവുന്നത്.
ഒരു അധ്യയന വർഷത്തിൽ 220 പ്രവൃത്തി ദിവസങ്ങൾ വേണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. 2022ൽ ഇത് 195 ദിവസങ്ങൾ ആയിരുന്നു. 2023ൽ ഇത് 204 ആക്കി ഉയർത്തുകയും ഇക്കൊല്ലം 210 ദിവസമാക്കാൻ നിർദേശിക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ ജൂൺ മാസത്തി ഇറക്കിയ ഉത്തരവിലാണ് കഴിഞ്ഞ വർഷത്തേതിൽ നിന്ന് 16 ശനിയാഴ്‌ചകൾ കൂടി ചേർത്ത് ഇക്കുറി 220 പ്രവൃത്തി ദിനം ഉൾപ്പെടുത്തിയത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.












Click it and Unblock the Notifications