'സരിൻ കഴിവുള്ള നേതാവ്, ജയിച്ചാലും തോറ്റാലും കണ്ണിലെ കൃഷ്ണമണിപോലെ കാക്കും'; എംവി ഗോവിന്ദൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പി സരിനിലൂടെ വൻ വിജയം നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സരിൻ മികച്ച സ്ഥാനാർത്ഥിയാണ്. കേരള രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒപ്പം നിന്നാൽ അദ്ദേഹത്തിന് ഇനിയും വലിയ രീതിയിൽ മുന്നോട്ടേക്ക് പോകാൻ സാധിക്കും. സരിൻ ജയിച്ചാലും തോറ്റാലും കണ്ണിലെ കൃഷ്ണമണി പോലെ അദ്ദേഹത്തെ പാർട്ടി സംരക്ഷിക്കും', എംവി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'സരിൻ കാര്യങ്ങൾ നല്ല പോലെ മനസിലാക്കി ചെയ്യാൻ കഴിവുള്ള ഒരാളാണ്. ഒരു ദിവസം കൊണ്ട് സരിന് കമ്മ്യൂണിസ്റ്റ് ആകാനൊന്നും പറ്റില്ല. അദ്ദേഹം അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ശ്രമിച്ചാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേഡറായി സരിൻ മാറുമെന്ന കാര്യത്തിൽ സംശയമൊന്നും ഇല്ല. പിവി അൻവറിനേയും സരിനേയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം കമ്മ്യൂണിസ്റ്റ് ആകാൻ ശ്രമിച്ചിട്ടേയില്ല. അങ്ങനെ അൻവർ ശ്രമിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നേടാൻ സാധിക്കുമായിരുന്നു. ഇത്രയും കാലമായിട്ടും അതിന് അൻവറിന് അതിന് പോലും സാധിച്ചിട്ടില്ല.

പി സരിന് കേരള രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒപ്പം നിന്നാൽ അദ്ദേഹത്തിന് ഇനിയും വലിയ രീതിയിൽ മുന്നോട്ടേക്ക് പോകാൻ സാധിക്കും. കേവലമായ പാർലമെന്ററി പ്രവർത്തനത്തിൽ മാത്രമല്ല, അല്ലാത്ത മേഖലയിലും അദ്ദേഹത്തിന് വളരാനും ഉയരാനും സാധിക്കും. അത്തരമൊരു നല്ല സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. തോറ്റാലും ജയിച്ചാലും ഗ്യാരണ്ടിയാണ്. പാലക്കാട് അദ്ദേഹത്തിന് ജയിക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം', അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് പാലക്കാട്. സരിൻ വന്നതോട് കൂടി തിരഞ്ഞെടുപ്പിന്റെ ട്രെന്റ് മാറി. പാലക്കാട് കോൺഗ്രസ്-ബി ജെ പി ഡീൽ ഉണ്ട്. ഷാഫി പോയതിന്റെ കാരണം അതാണല്ലോ. ജയിച്ചാലും തോറ്റാലും സരിനെ കണ്ണിനെ കൃഷ്ണമണി പോലെ സി പി എം കാക്കും', എംവി ഗോവിന്ദൻ വ്യക്തമാക്കി.
അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് പാലക്കാട് വേദിയായിരിക്കുന്നത്. എന്തുവിലകൊടുത്തും പി സരിനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ ലക്ഷ്യം വെച്ചാണ് സി പി എം നീക്കം. അതേസമയം സി കൃഷ്ണകുമാറിലൂടെ ഒരു അട്ടിമറിയാണ് ഇവിടെ ബി ജെ പി സ്വപ്നം കാണുന്നത്. എന്നാൽ യാതൊരു അട്ടിമറിക്കും വകയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലം നിലനിർത്തുമെന്ന് യുഡിഎഫും അവകാശപ്പെടുന്നു.












Click it and Unblock the Notifications