'ഊതിക്കാച്ചിയ പൊന്നിനെ' സിപിഎം ഇനി എന്തുചെയ്യും? സരിനെ തള്ളുമോ കൊള്ളുമോ...?
പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാവരും ഉറ്റുനോക്കിയത് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിയുമായിരുന്നു ഇതിന് കാരണം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന സരിന്‍ ആണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്.
അതേസമയം പാര്‍ട്ടി വിട്ടതില്‍ തീര്‍ന്നില്ല സരിന്റെ പ്രതിഷേധം. സ്ഥാനാര്‍ത്ഥിയെ നോക്കിയിരിക്കുകയായിരുന്ന ഇടത് പാളയത്തിലേക്ക് സരിന്‍ ഓടിക്കയറുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട സരിനെ എല്‍ഡിഎഫ് ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. പാലക്കാട് വര്‍ഷങ്ങളായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ഡിഎഫിനെ വിജയിപ്പിക്കുക എന്നതായിരുന്നു സരിനെ ഏല്‍പ്പിച്ച ഉത്തരവാദിത്തം.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മിന്നും കുതിപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുക എന്നതിനുപരി മൂന്നാം സ്ഥാനത്ത് നിന്ന് കരകയറ്റാന്‍ പോലും സരിനായില്ല. എങ്കിലും സരിന്റെ പോരാട്ടത്തെ എഴുതി തള്ളാനാകില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2000 ത്തിലേറെ വോട്ട് എല്‍ഡിഎഫിന് ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. 2021 ല്‍ എല്‍ഡിഎഫിന് 35622 വോട്ടാണ് ലഭിച്ചിരുന്നത്.
മൂന്ന് വര്‍ഷത്തിനിപ്പുറം അത് 37458 ആക്കി ഉയര്‍ത്താന്‍ സരിന് സാധിച്ചു. ഇതിനുപരിയായി രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാനും സരിനിലൂടെ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. എല്‍ ഡി എഫിന് ബി ജെ പിയുമായുള്ള അന്തരം കേവലം 2071 വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍. 2021 ല്‍ ഇത് 13533 വോട്ടുകളായിരുന്നു എന്നതിനാല്‍ തന്നെ സരിന്റെ വരവ് എല്‍ഡിഎഫിന് ഗുണം ചെയ്തു തന്നെയാണ് വിലയിരുത്തല്‍.
2016 ലും 2021 ലും മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ മുന്നേറ്റം ചെറിയ കാര്യമല്ല. മാത്രമല്ല യുഡിഎഫ് നേതാക്കളെല്ലാം പാലക്കാട് ബിജെപിയുമായാണ് മത്സരം എന്നും ത്രികോണ മത്സരമില്ല എന്നും അവകാശപ്പെട്ടിരുന്നു. ഇതിനെ വെല്ലുവിളിക്കുന്നതാണ് സരിന്‍ കാഴ്ച വെച്ച മത്സരം. സരിനെ ഊതിക്കാച്ചിയ പൊന്ന് എന്നാണ് സിപിഎം വിശേഷിപ്പിച്ചിരുന്നത്.
അത് സത്യമാണ് എന്ന് സരിനും തെളിയിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിപിഎമ്മിനൊപ്പം തന്നെയായിരിക്കും സരിന്റെ ഭാവിയും എന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ സരിന്റെ ഇടതിനൊപ്പമുള്ള ഭാവിയില്‍ സംശയം ഉയര്‍ന്നേനെ. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സരിന്റെ വരവ് ഗുണം ചെയ്തു എന്ന് സമ്മതിച്ചിട്ടുണ്ട്.
ഇടതിനൊപ്പം തുടരും എന്ന് തന്നെയാണ് ഫല പ്രഖ്യാപനത്തിന് ശേഷവും സരിന്‍ പറഞ്ഞത്. ഏതായാലും പാലക്കാട്ടെ പ്രചരണത്തില്‍ ഒരു ഓളമുണ്ടാക്കാന്‍ സരിന് സാധിച്ചത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഗുണകരമാകും. അതേസമയം കോണ്‍ഗ്രസില്‍ ഭേദപ്പെട്ട രീതിയില്‍ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്ത സരിന്‍ സിപിഎമ്മിന്റെ ഡിജിറ്റല്‍ മീഡിയയുടെ ചാര്‍ജ് ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല.












Click it and Unblock the Notifications