ഗ്രീഷ്മയുടെ സ്വകാര്യ ദൃശ്യം ഷാരോണിന്റെ കൈയ്യിൽ, 'ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും തന്നില്ല'; മൊഴി പുറത്ത്
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലയിൽ പ്രതി ഗ്രീഷ്മയുടെ കൂടുതൽ മൊഴി പുറത്ത്. ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷാരോൺ വിട്ട് പോകാൻ തയ്യാറായിരുന്നില്ലെന്നും ഇത് വൈരാഗ്യത്തിന് കാരണമായെന്നും രേഷ്മ പോലീസിനോട് പറഞ്ഞു. തന്റെ സ്വകാര്യ ചിത്രങ്ങൾ പ്രതിശ്രുത വരന് ഷാരോൺ കൊടുക്കുമോയെന്ന ഭയവും ഗ്രീഷ്മയ്ക്കുണ്ടായിരുന്നു.

ഗ്രീഷ്മയുമായുള്ള നിരവധി ചിത്രങ്ങൾ ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇതിൽ ചില സ്വകാര്യ ചിത്രങ്ങളും ഉണ്ട്. തമിഴ്നാട് സ്വദേശിയായ സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ തന്റെ ചിത്രങ്ങൾ ഷാരോൺ അയാൾക്ക് അയച്ച് കൊടുക്കുമോയെന്ന് ഗ്രീഷ്മ ഭയപ്പെട്ടു. ഇതോടെ ചിത്രങ്ങൾ തിരികെ തരണമെന്ന് ഷാരോണിന് പറഞ്ഞെങ്കിലും ഷാരോൺ വഴങ്ങിയില്ല.

ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങാതിരുന്നത് വൈരാഗ്യം ഉടലെടുക്കാൻ കാരണമായെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.ആദ്യം കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കയ്പ്പാണെന്ന് ഷാരോൺ പറഞ്ഞതോടെ ജ്യൂസിൽ കലക്കി നൽകി ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഒളിപ്പിക്കാനും പരമാവധി ശ്രമിച്ചിരുന്നതായും ഗ്രീഷ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

താനല്ല ഷാരോണിനെ കൊലപ്പെടുത്തിയതെന്ന ഗ്രീഷ്മയുടെ തുടക്കത്തിലെ മൊഴിയിൽ പോലീസ് വിശ്വസിച്ചത് അവരുടെ പെരുമാറ്റം കൊണ്ടായിരുന്നു. ഒരു ഘട്ടത്തിൽ പോലും സംശയകരമായ രീതിയിൽ ഗ്രീഷ്മ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനും ചോദ്യം ചെയ്യലിന് എങ്ങനെ നേരിടണമെന്നുമെല്ലാം ഗൂഗിൾ നോക്കി മനസിലാക്കി വെച്ചിരുന്നതായും ഗ്രീഷ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ ഗ്രീഷ്മയുടെ പങ്ക് തെളിയിക്കുന്നതിൽ ഗൂഗിൾ ഹിസ്റ്ററി നിർണയാകമായിരുന്നു.

കൊല ഒളിപ്പിക്കാനുള്ള ശ്രമങ്ങളും ഗ്രീഷ്മ നടത്തി. വിഷക്കുപ്പി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഷാരോണിന്റെ വീട്ടുകാർ ആവർത്തിച്ച് വിളിച്ച് ചോദിച്ചിട്ടും നൽകിയത് എന്താണെന്ന് പറയാനും ഗ്രീഷ്മ കൂട്ടാക്കിയിരുന്നില്ല. കഷായമാണെന്നും അമ്മ തന്നതാണെന്നുമടക്കം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഓരോ തവണ വിളിച്ച് അന്വേഷിച്ചപ്പോളും ഗ്രീഷ്മ പറഞ്ഞിരുന്നതെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞിരുന്നു.

അതേസമയം കസ്റ്റഡിയിൽ ഇരിക്കെ ഇന്ന് രാവിലെ ഗ്രീഷ്മ നടത്തിയ ആത്മഹത്യ ശ്രമം നാടകമാണെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞ് മാറാനുള്ള തന്ത്രമായിട്ടാണ് പോലീസ് ഇതിനെ വിലയിരുത്തുന്നത്. ഇന്ന് രാവിലെയായിരുന്നു ശുചി മുറിയിൽ വെച്ച് ലൈസോൾ കഴിച്ച് ഷാരോൺ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരീര അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രീഷ്മയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ശുചി മുറിയിൽ വെച്ച് ഒരു ലായനി കഴിച്ചെന്നായിരുന്നു അവൾ പറഞ്ഞത്. വയറിലുള്ളത് ഛർദ്ദിച്ച് പോകാനുള്ള മരുന്ന് നൽകിയിട്ടുണ്ട്. ഇപ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഗ്രീഷ്മയ്ക്ക് ഇല്ലെന്ന് പോലീസ് പറഞ്ഞു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.

നിലവിൽ ഗ്രീഷ്മയെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഗ്രീഷ്മയുടെ അച്ഛനേയും അമ്മയേയും അമ്മാവനേയും രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോനയിലും തെളിവ് നശിപ്പിക്കലിലും ഇവർക്കും പങ്കുണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ഗ്രീഷ്മയുടെ കുടുംബത്തിനും കൊലയിൽ പങ്കുണ്ടെന്ന് ആവർത്തിച്ച് ആരോപിക്കുകയാണ് ഷാരോണിന്റെ കുടുംബം. ഗ്രീഷ്മയുടെ അമ്മ അറിയാതെ അവൾ അത് ചെയ്യില്ലെന്നും അവരേയും പ്രതി ചേർക്കണമെന്നും ഷാരോണിന്റെ അച്ഛൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications