കേരളത്തില്‍ ആത്മപരിശോധന നടത്തുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയില്‍ ആണ്ട് പോയപ്പോള്‍ കേരള കോണ്‍ഗ്രസിനും ചെറിയൊരു ഉള്‍ഭയംതട്ടി എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്നെ സംസ്ഥാന പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങളില്‍ അത് പ്രതിഫലിച്ചിരുന്നതായും തോന്നിയിട്ടുണ്ട്. എന്നാലും അത് സമ്മതിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
എന്തായാലും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ആത്മപരിശോധന നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്നാണ് ചീഫ് വിപ്പ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠം പഠിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കുകയുണ്ടായി.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടെന്ന് വിശ്വസിക്കാം. അതുകൊണ്ടാകുമല്ലോ പാര്‍ട്ടിക്കകത്ത് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്. അങ്ങനെ ആത്മപരിശോധന നടത്തുമ്പോള്‍ തിരുത്തേണ്ടത് തിരിത്തി ഒത്തൊരുമയോടെ മുന്നോട്ട് പോകുമെന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.
അതേ സമയം വടക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന്റെ സൂചനയായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തോല്‍വി ഒരു പുതിയ കാര്യമല്ല. പരാജയങ്ങളില്‍നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി കൂടുതല്‍ ജനപിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications