പാര്‍ട്ടിക്കാര്‍ക്ക് വിനയം വേണമെന്ന് കാരാട്ട്
പാലക്കാട്: പാര്‍ട്ടി നേതാക്കള്‍ക്ക് അത്യാവശ്യമായി വേണ്ടത് വിനയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
പാര്‍ട്ടിയുടെ നേതാക്കള്‍ ജനങ്ങളോട് വിനയം ഉള്ളവരായിരിക്കണം. അവര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അത്തരം ജീവിത ശൈലി പിന്തുടരണം. ആത്മാര്‍ത്ഥമായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം- കാരാട്ട് പറഞ്ഞു. കാരാട്ടിന്റെ ഉദ്ഘാടനപ്രസംഗം പി.രാജീവ് എംപിയാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്ലീനം സംഘാടക സമിതി ചെയര്‍മാന്‍ എകെ ബാലന്‍ പ്രസംഗിച്ചത്. പാര്‍ട്ടിയുടെ സംഘടനാ പ്രശ്‌നങ്ങള്‍ വിഭാഗീയതമൂലമാണെന്ന് ബാലന്‍ ആഞ്ഞടിച്ചു.എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചുകഴിഞ്ഞതായും എകെ ബാലന്‍ പറഞ്ഞു.
ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയതോടെ പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകനായ വിഎസ് അച്യുതാന്ദന്‍ ഏറെക്കുറെ അടങ്ങിക്കഴിഞ്ഞിരുന്നു. പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയ കോടതി വിധി തന്റെ മുന്‍ നിലപാടുകളെ അപ്രസക്തമാക്കിയിരിക്കുന്നു എന്നാണ് വിഎസ് അന്ന് പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ അവസാനമായി എന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. അതുകൊണ്ട് തന്നെ വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം പാര്‍ട്ടി അജണ്ടയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് വിവരം.
പാര്‍ട്ടിയെ അടിമുടി ശുദ്ധീകരിക്കുന്ന പ്രത്യേക പ്ലീനം നവംബര്‍ 28 നാണ് സമാപിക്കുക. പ്രകാശ് കാരാട്ടിനെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രന്‍ പിള്ളയും പ്ലീനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications