ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ തമാശ; നെടുമ്പാശ്ശേരിയിൽ വിമാനം മണിക്കൂറുകൾ വൈകി, അറസ്‌റ്റിൽ
കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശയിൽ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനം വൈകിയത് മണിക്കൂറുകൾ. സംഭവത്തിന് പിന്നാലെ കേസെടുത്ത പോലീസ് യാത്രക്കാരനെ അറസ്‌റ്റ് ചെയ്‌തു. ഇന്ന് പുലർച്ചയോടെയാണ് സംഭവവികാസങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശിയും ആഫ്രിക്കയിൽ ബിസിനസ് നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രശാന്ത് എന്നയാളാണ് പോലീസ് പിടിയിലായത്.
ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ഇതോടെ വിമാനം രണ്ട് മണിക്കൂറിലേറെ വൈകുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്ത് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തായ് എയർലൈൻസിൽ തായ്‌ലാൻഡിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. തുടർന്നാണ് പരിശോധനാ വേളയിൽ ബാഗിൽ ബോംബുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയത്.

ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചത് ഇഷ്‌ടപ്പെടാത്തത് കൊണ്ടാണ് ബാഗിൽ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് വിശദീകരിച്ചത്. ബാഗിൽ ബോംബാണെന്ന് ഇയാൾ ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയിരുന്നു നെടുമ്പാശ്ശേരി പോലീസ്.
ഭാര്യയും മകനുമുൾപ്പെടെ നാല പേരുമായായിരുന്നു പ്രശാന്തിന്റെ യാത്ര. ഇയാളുടെയും കൂടെയുള്ള മറ്റുളവരുടെയും ബാഗുകൾ പരിശോധിച്ചെങ്കിലും അതിൽ ഒന്നും സംശയാസ്‌പദമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2.10ന് പുറപ്പെടേണ്ട വിമാനം പരിശോധനയ്ക്ക് ശേഷം ഏകദേശം നാലരയോടെയാണ് പുറപ്പെട്ടത്. എന്നാൽ പ്രശാന്തിന്റെ കുടുംബം യാത്ര തുടർന്നില്ല.
ബോംബുണ്ടെന്ന് തമാശ പറഞ്ഞതിനും യാത്ര തടസപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മാത്രം വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്‌റ്റിലായത്. അതിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് പ്രശാന്ത്, നിരന്തരം ഇത്തരം വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെ കാര്യമായ ബാധിക്കുന്നുണ്ട്.
ജൂൺ മാസത്തിൽ സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ലണ്ടനിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു ഭീഷണിയിൽ പറഞ്ഞിരുന്നത്. തുടർന്ന് വിമാനത്തിൽ കർശന പരിശോധന നടത്തിയെങ്കിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എയർ ഇന്ത്യ ആസ്ഥാനത്തായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
സംഭവത്തിൽ മലപ്പുറം സ്വദേശി സുഹൈബിനെതിരെ കേസെടുത്തിരുന്നു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനാൽ മറ്റൊരു ദിവസത്തേക്കുള്ള ടിക്കറ്റ് നൽകാൻ വിമാനക്കമ്പനികൾ വിസമ്മതിച്ചതിനെ തുടർന്നാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബ് (29) വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.












Click it and Unblock the Notifications