ട്രെയിന്‍ യാത്രാ ദുരിതം നോണ്‍സ്റ്റോപ്പ്: വേണാട് എക്സ്പ്രസില്‍ യാത്രക്കാർ കുഴുഞ്ഞുവീണു
കൊച്ചി: കനത്ത തിരക്കില്‍ തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസില്‍ യാത്രക്കാർ കുഴുഞ്ഞു വീണു. ഓണം അവധി കഴിഞ്ഞതിന് ശേഷമുള്ള തിങ്കളാഴ്ച കൂടിയായതിനാല്‍ ട്രെയിനുകളിലെല്ലാം തന്നെ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വേണാട് എക്സ്പ്രസിനും പാലരുവി എക്സ്പ്രസിനും ഇടയിലുള്ള സമയം വർധിപ്പിച്ചതിന് പുറമെ വന്ദേഭാരതിനായി പാലരുവി പിടിച്ചിടുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു.
പിറവത്തിനും മുളംതുരുത്തിക്കുമിടയിലായി വേണാട് എക്സ്പ്രസിലെ രണ്ട് യാത്രക്കാരാണ് ഇന്ന് കുഴഞ്ഞുവീണത്. പാരലവുവിക്കും വേണാടിനുമിടയില്‍ ഒന്നര മണിക്കൂറിന്റെ വ്യത്യാസമാണുള്ളത്. ഇത് കാരണം ചെങ്ങന്നൂരില്‍ എത്തുന്നതിന് ഇടയില്‍ തന്നെ വേണാടില്‍ കാലുകുത്താന്‍ ഇടമില്ലാത്ത സ്ഥിതിയാകും. പല സ്റ്റേഷനുകളിലും വൈകിയാണ് ട്രെയിന്‍ ഇന്നെത്തിയത്.

വന്ദേഭാരതിനായി പാലരുവി എക്സ്പ്രസ് പിടിച്ചിടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇന്ന് മുളംതുരുത്തിയിലെത്തിയ പാലരവി 17 മിനിറ്റാണ് പിടിച്ചിട്ടത്. പതിവുപോലെ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. യാത്രദുരിതത്തിന് അല്‍പമെങ്കിലും ശമനം ഉണ്ടാകണമെങ്കില്‍ വേണാടിനും പാലരുവിക്കും ഇടയില്‍ മെമു സർവ്വീസ് ആരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
അതേസമയം, യാത്രാ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത് വന്നു. ഇത് സംബന്ധിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്.ട്രെയിനുകൾ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകൾ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതിനു പുറമേ വന്ദേഭാരതിന്റെ പേരിൽ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതും കൂടിയായതോടെ യാത്രക്കാർ ട്രെയിനുകളിൽ ബോധം കെട്ടു വീഴുന്ന അവസ്ഥ സാധാരണമായിരിക്കുന്നു. തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്ക് ആണ് റെയിൽവേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പരിണിതഫലമാണ് ഈ യാത്രാദുരിതം.സാധാരണ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കേരളത്തിന് പുതിയ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ പുതിയ ബോഗികളും അനുവദിക്കാത്തതിന് പുറമേ വന്ദേഭാരത് പോലെയുള്ള ട്രെയിനുകൾക്ക് ആവശ്യമായ രീതിയിൽ കേരളത്തിലെ റെയിൽ ട്രാക്കുകളുടെ വളവുകൾ നിവർത്തുവാനോ റെയിൽവേ വികസനം ത്വരിതപ്പെടുത്താനോ കേന്ദ്ര സർക്കാർ തയ്യാറാവത്തത് വലിയ ഒരു ക്രൂരതയായി മാറിയിരിക്കുകയാണ്.
കെ-റെയിൽ പോലെ കേരളത്തിൻ്റെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്ന പദ്ധതികൾക്ക് മുടക്കം വരുത്തുന്ന കേന്ദ്രസർക്കാറും കേരളത്തിലെ പ്രതിപക്ഷവും ഈ യാത്ര ദുരിതത്തിന് മറുപടി പറയേണ്ടതുണ്ട്. കെ-റെയിൽ അനിവാര്യതയാണ് എന്നാണ് ഈ ദുരിതം നമ്മോട് പറയുന്നത്. കേരളത്തിലെ ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കാൻ റെയിൽവേയും കേന്ദ്രസർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications