നിപ്പാ ഭീതിയിലും കൗതുകമായി പതിനായിരക്കണക്കിന് വവ്വാലുകളുള്ള പഴശ്ശിപാര്‍ക്ക്
മാനന്തവാടി: കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രയില്‍ ടൗണിലെത്തുന്നതിന് മുമ്പ് ജി വി എച്ച് എസ് എസിന് മുമ്പിലായി സ്ഥിതി ചെയ്യുന്ന പഴശ്ശിപാര്‍ക്ക് സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്. ആ കൗതുകത്തിന് പിന്നിലുള്ള കഥയാണ് ഏറെ രസം. പഴശ്ശിപാര്‍ക്കിലെ ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ തൂങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് കടവാവലുകളാണ് ആരെയും അമ്പരപ്പിക്കുന്ന ആ കൗതുകം.
നിപ വൈറസ് വന്നതോടെ മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ കാരണവും ഈ വവ്വാലുകള്‍ തന്നെ. ഒരു മരശിഖരത്തില്‍ തന്നെ നൂറ് കണക്കിന് വവ്വാലുകളാണ് തുങ്ങികിടക്കാറുള്ളത്. രാത്രിസഞ്ചാരികളായ കടവാവലുകള്‍ പകല്‍സമയം വിശ്രമിക്കുന്ന പാര്‍ക്കിനടുത്തേക്ക് പോലും നിപ ഭീതിയില്‍ ഇപ്പോള്‍ ആളുകള്‍ പോകാതായിരിക്കുന്നു. മാനന്തവാടിയിലെ ജനങ്ങള്‍ക്ക് ഈ വവ്വാല്‍ക്കൂട്ടങ്ങളെ കാണുന്നത് കൗതുകമേയല്ല. കാരണം നിത്യകാഴ്ചയാവുന്നത് കൊണ്ട് തന്നെ. പക്ഷേ വയനാട്ടിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും അമ്പരപ്പുണ്ടാക്കുന്ന കാഴ്ചയാണിത്. മാനന്തവാടി-കല്‍പ്പറ്റ റോഡരികില്‍ ഒന്നര ഏക്കറോളം സ്ഥലത്താണ് പഴശ്ശിപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വീരപഴശ്ശിയുടെ പടയോട്ടഭൂമിയായ മാനന്തവാടിയില്‍ പഴശ്ശിയുടെ പേരില്‍ പാര്‍ക്കുണ്ടാക്കിയതിലും ഒരു ചരിത്രമുണ്ട്.

മാനന്തവാടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പകല്‍സമയങ്ങളില്‍ പോയിരിക്കാനുള്ള സൗകര്യത്തിനായി പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള മരങ്ങളാണ് ഇവിടെ നട്ടുപരിപാലിച്ചുവന്നിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടുത്തെ മരങ്ങളിലാണ് കാലങ്ങളായി പതിനായിരക്കണക്കിന് വവ്വാലുകള്‍ കൂടൊരുക്കിയിരിക്കുന്നത്. മുമ്പൊരിക്കല്‍ പാര്‍ക്കിലെ മരങ്ങള്‍ മുറിക്കാന്‍ നീക്കം നടത്തിയപ്പോള്‍ മാന്തവാടിയിലെ പരിസ്ഥിതി പ്രവര്‍ത്തര്‍ വവ്വാലുകള്‍ക്കുവേണ്ടി മരംമുറി തടഞ്ഞു. വവ്വാലുകളുടെ താമസം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തിയവരും അന്നുണ്ടായിരുന്നു. ഇന്ത്യയില്‍ 119 ഇനം വാവലുകള്‍ ഉണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന കണക്ക്. കേരളത്തിലാണെങ്കില്‍ വെറും 34 ഇനങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലക്ഷകണക്കിന് കീടങ്ങളെ തിന്നൊടുക്കുന്ന ഷഡ്പദ ഭോജികളാണ്. 25 ഗ്രാം തൂക്കമുള്ള വാവലിന് 25 ഗ്രാം കീടങ്ങളെ തിന്നാന്‍ കഴിയുമെന്ന വസ്തുതയും അമ്പരപ്പുളവാക്കുന്നതാണ്. കീടങ്ങള്‍ കാര്‍ഷികവിളകളെ മാരകമായ രീതിയില്‍ തിന്നൊടുക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടത്തോടെ കഴിയുന്നിടത്ത് ഇത്തരം ശല്യങ്ങള്‍ കര്‍ഷകര്‍ക്കുണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ വവ്വാലുകളെ നശിപ്പിക്കുന്നതിനോടെ, അവരുടെ ആവാസ്ഥവ്യവസ്ഥയെ തകിടം മറിക്കുന്നതിനോടോ വയനാട്ടുകാര്‍ക്ക് താല്‍പര്യമില്ല. വയനാട്ടില്‍ സമ്പുഷ്ടമായി വളരുന്ന മാങ്ങകള്‍ ഇപ്പോള്‍ പഴുത്തു പാകമായി കഴിഞ്ഞു. മാങ്ങള്‍ പഴുത്തുതുടങ്ങിയാല്‍ കൂട്ടത്തോടെ വവ്വാലുകളെത്തും. അതുകൊണ്ട് തന്നെ നിപ പേടിയില്‍ വീട്ടുമുറ്റത്തെ മാങ്ങകള്‍ പോലും കഴിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയിലാണ്. എന്തിരുന്നാലും, ജില്ലയിലെ വവ്വാലുകളുടെ ഉന്മൂലനം ആരും ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം












Click it and Unblock the Notifications