ഇനി ഒരാള്‍ കൂടിയുണ്ട് ഇതുപോലെ പണി കിട്ടാന്‍..ഉടനെ വരും; പി സിയുടെ അറസ്റ്റിന് പിന്നാലെ ടെന്നി ജോപ്പന്‍
കൊല്ലം: പിസി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു ടെന്നി ജോപ്പന്‍. പി സി ജോര്‍ജിന്റെയൊക്കെ ഗൂഢാലോചന കാരണം താനും 69 ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പണി കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് പിസി ജോര്‍ജ് ഓര്‍ത്തില്ലെന്നും ടെന്നി പറഞ്ഞു. ഇത്തരത്തില്‍ ഇനി ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നും ടെന്നി ജോപ്പന്‍ പറയുഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
പിസി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തില്ല. അല്ലെ.... പണി കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന്. ഇനി ഒരാള്‍ കൂടി ഉണ്ട് ഇതുപോലെ കിട്ടാന്‍ അതും വൈകിയിട്ടില്ല. ഉടനെ വരും ... അതാണ് ദൈവത്തിന്റെ ശക്തി.. ഞാനും കിടന്നില്ലേ ജോര്‍ജ് 69 ദിവസം .. നിന്റെയൊക്കെ ഗൂഢാലോചന കാരണം അപ്പോള്‍ നീയും അനുഭവിക്ക്, ടെന്നി ജോപ്പന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ടെന്നി ജോപ്പന്‍ അറസ്റ്റിലായിരുന്നു. സോളാര്‍ അഴിമതി കേസിലെ മുഖ്യ പ്രതികളായ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ജോപ്പന്‍ കൂട്ടുനിന്നു എന്നായിരുന്നു കേസ്. അഴിമതിയില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്ക് സഹായം ചെയ്തത് ജോപ്പനാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു പരാതി. പാലക്കാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രീധരന്‍ നായരെ വിളിച്ചുവരുത്തി ജോപ്പനും സരിതയും ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ജോപ്പനെ ഒഴിവാക്കിയിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ടെന്നി ജോപ്പന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോര്‍ജിനെ പൂജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും.പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രോസിക്യൂഷന്‍ ആവശ്യം മെയ് 30 നാണ് കോടതി ഇതി പരിഗണിക്കുന്നത്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി കുറ്റമാവര്‍ത്തിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.

തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജ് അറസ്റ്റിലാവുന്നത്.