മത വിദ്വേഷ പ്രസംഗം; പി സി ജോർജിന് വീണ്ടും നോട്ടീസ്; ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് പൊലീസ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എൽ എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ പി സി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് ജാമ്യ ഉപാധികളുടെ ലംഘനം അല്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ തീരുമാനം.
എന്നാൽ, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ ശേഷം, ജാമ്യത്തിൽ ഇറങ്ങിയ പി സി ജോർജിനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. ഫോര്‍ട്ട് പൊലീസിന്റേതാണ് ഈ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ചയാണ് കോടതി നിർദ്ദേശപ്രകാരം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയത്. എന്നാൽ, തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പി സി ആദ്യം വ്യക്തമാക്കിയത്

പിന്നാലെ, തൃക്കാക്കരയിലേക്ക് പോകുകയാണെന്ന് വ്യക്തമാക്കി. തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണ്. ഭരണ ഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണ് ഇതെന്നും പി സി അറിയിച്ചിരുന്നു. കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താൻ കഴിയില്ലെന്നും പി സി ജോർജ് മറുപടി നൽകിയിരുന്നു.

അതേസമയം, പൊലീസിന് മുമ്പാകെ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു. മെയ് 28 - നായിരുന്നു ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറിന് മുമ്പാകെ ഹാജരാകാൻ പി സിയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നോട്ടീസ്. എന്നാൽ, ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് താൻ ഹാജരാകുമെന്ന് പി സി വ്യക്തമാക്കിയിരുന്നു.

മെയ് 29 - ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ, ഇത് അവഗണിച്ചാണ് പി സി തൃക്കാക്കരയിൽ എത്തിയത്. തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ശനമായ ഉപാധികൾ നൽകി മെയ് 27 - നാണ് ഹൈക്കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചത്.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി

അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തായിരുന്നു ജാമ്യം. മത വിദ്വേഷം കാണിക്കുന്ന തരത്തിലുളള പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും അത്തരത്തിൽ സംഭവിച്ചാൽ ജാമ്യം റദ്ദാക്കും എന്നും ജസ്റ്റിസ് പി വി ഗോപിനാഥ് പറഞ്ഞിരുന്നു. അതേസമയം, പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്. ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടികൾ ആരംഭിച്ചിരുന്നത്. വിവാദ സംഭവത്തിന് പിന്നാലെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, മണിക്കൂറുകൾ കൊണ്ട് പി സി ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയാണ് ചെയ്തത്. തുടർന്ന്, വെണ്ണലയില്‍ സമാന പ്രസംഗം നടത്തുകയായിരുന്നു പിസി. ഈ സംഭവത്തിന് പിന്നാലെ ആണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകെ, പ്രോസിക്യൂഷന്‍ തെളിവുകൾ സഹിതം നൽകി. വിവാദ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications