'എന്തൊരു വൃത്തികെട്ടവന്മാരാണ്, എന്തൊരു മര്യാദകേടാണ് എന്ന് നോക്കിക്കേ', പോലീസിനെതിരെ പിസി ജോർജ്
കോട്ടയം: ഈരാറ്റുപേട്ടയിലെ വീട്ടില്‍ നടത്തിയ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കണമെന്ന് പിസി ജോര്‍ജ്. തന്റെ ആറ് വയസ്സുളള കൊച്ചുമകള്‍ അമ്മുക്കുട്ടിയുടെ ഫോണാണ് പോലീസ് എടുത്ത് കൊണ്ട് പോയത് എന്നും ഇതോടെ കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണില്‍ ആണെന്നും പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ വീട്ടില്‍ ബിരിയാണി ചെമ്പൊന്നും ഇല്ല. ഒരു ചെമ്പുള്ളത് കാര്‍ന്നോന്മാര്‍ തന്ന സ്വത്താണെന്നും അല്ലാതെ തന്റേത് അല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. വീട്ടിലെ പോലീസ് റെയ്ഡ് സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിസി ജോര്‍ജ്.

'താന്‍ ആരുടേയും ഒന്നും മോഷ്ടിച്ചോ പിടിച്ച് പറിച്ചോ വീട്ടില്‍ കൊണ്ട് ചെന്ന് വെച്ചിട്ടില്ല''. പിന്നെ എന്താണ് പോലീസിന് തന്റെ വീട്ടില്‍ പരിശോധിക്കാനുളളത് എന്ന് പിസി ജോര്‍ജ് ചോദിച്ചു. ''ആറ് വയസ്സുളള അമ്മുക്കുട്ടി കളിക്കുന്ന ഫോണ്‍ ആണ് അവര്‍ എടുത്ത് കൊണ്ട് പോയത്. എന്തൊരു മര്യാദകേടാണ് എന്ന് നോക്കിക്കേ'' എന്നും പിസി ജോര്‍ജ് പറഞ്ഞു. ആ ഫോണ്‍ തിരിച്ച് കൊടുക്കാനുളള മര്യാദ കാണിക്കുന്നില്ല. എന്തൊരു വൃത്തികെട്ടവന്മാരാണ് എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
അമ്മുക്കുട്ടി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ഫോണാണ് കൊടുത്തിരിക്കുന്നത് ഇപ്പോള്‍. അതിലാണ് അവളുടെ കളി. മനസാക്ഷിയില്ലാത്ത, നീചപ്രവര്‍ത്തികള്‍ ചെയ്യാന്‍ മടിയില്ലാത്തവനാണ് പിണറായി വിജയന്‍. തനിക്കെതിരെ എത്ര കേസുകളെടുത്തു. നാല് പ്രാവശ്യമാണ് പോലീസ് തന്നെ പിടിച്ച് കൊണ്ട് പോയത്. അവിടെ ചെല്ലുന്നതിന് തൊട്ട് പിറകേ തന്നെ വീട്ടില്‍ പോയിക്കൊള്ളാന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു എന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കുടുംബവും താമസിക്കുന്ന കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. ദിലീപിനെ പൂട്ടണം എന്ന പേരിലുളള വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ഷോട്ട് എത്തിയത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷിക്കുന്ന ഫോണ്‍ 2019ല്‍ നഷ്ടപ്പെട്ടതായും അന്ന് തന്നെ പോലീസിന് ഷോണ്‍ പരാതി നല്‍കിയിരുന്നതായുമാണ് പിസി ജോര്‍ജിന്റെ വാദം.












Click it and Unblock the Notifications