പിസി ജോർജിന് കനത്ത തിരിച്ചടി: ചാനല്‍ ചർച്ചയിലെ പരാമർശത്തില്‍ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബി ജെ പി നേതാവും മുന്‍ പൂഞ്ഞാർ എം എല്‍ എയുമായ പിസി ജോർജിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. ചാനല്‍ ചർച്ചയ്ക്കിടെ മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിലാണ് പിസി ജോർജ് മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നേരത്തെ ഹർജി കോട്ടയം ജില്ല സെഷന്‍സ് കോടതിയും മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പിസി ജോർജിന്റെ ഹർജി പരിഗണിച്ചുകൊണ്ട് രൂക്ഷമായ പരാമർശങ്ങളും നേരത്തെ കോടതി നടത്തിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ തുടർച്ചയായി ലംഘിക്കുന്നുവെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. നേരത്തെ ജാമ്യം നല്‍കിയപ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അപേക്ഷകന്‍ നിരന്തരം ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.

പിസി ജോർജ് വർഷങ്ങളായി പൊതുപ്രവർത്തനം നടത്തുന്നയാളാണ്. അങ്ങനേയുള്ള ഒരാള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ തങ്ങള്‍ക്കും സമാനമായ രീതിയില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാമെന്ന് മറ്റുള്ളവരും കരുതില്ലേ എന്നും ചോദിച്ച കോടതി ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണെന്ന് പിസി ജോർജ് വിശദീകരിച്ചപ്പോള്‍ അബദ്ധങ്ങള്‍ നിരന്തരം ആവർത്തിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, മുന്‍ ജാമ്യ ഉത്തരവ് പിസി ജോർജ് ലംഘിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. നേരത്തെ നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥ പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു. നിലവിലെ കേസില്‍ സംഭവിച്ചത് ടെലിവിഷന്‍ ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ ചില കാര്യങ്ങൾ പറഞ്ഞു പോയതാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, പിസി ജോർജിന്റെ മൂന്‍കൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിർത്തു. പി സി ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തിയാണ്. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ നഗ്നമായ ലംഘനങ്ങളാണ് പിസി ജോർജ് നടത്തുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാലും പ്രശ്നമില്ല എന്ന തരത്തിലാണ് പിസി ജോർജ് മുന്നോട്ട് പോകുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്കു പോകണമെന്നുമായിരുന്നു പിസി ജോർജിന്റെ പരാമർശം.












Click it and Unblock the Notifications