ചർച്ചയ്ക്കായി എത്തിയപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അപമാനിച്ചു: പരാതിയുമായി പിജി ഡോക്ടർ
തിരുവനന്തപുരം: പിജി ഡോക്ടറെ സെക്രട്ടറിയേറ്റ് ജീവനക്കാരാന്‍ അപമാനിച്ചതായി ആരോപണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുപോയ പിജി ഡോക്ടറുടെ പ്രതിനിധിയായ ഡോക്ടർ അജിത്രയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്നും തുണിയുടുക്കാതെ നടക്ക് എന്ന തരത്തിലും പറഞ്ഞ അധിക്ഷേപിച്ചെന്നാണ് പരാതി. ചർച്ചയ്ക്കായി ചെന്നപ്പോള്‍ സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ പറയുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ എന്നാല്‍ തുണിയുക്കാതെ നടക്ക് എന്നും സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ പറഞ്ഞെന്നുമാണ് അജിത്ര ആരോപിക്കുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു ഡോക്ടർക്ക് ജീവനക്കാരനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. ഇന്ന് 12 മണിക്കായിരുന്നു ഡോ.അജിത്ര അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ കണക്കുകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ തുടർന്നാണ് കണക്കുകള്‍ വെച്ച് സംസാരിക്കാന്‍ സെക്രട്ടറിയേറ്റില്‍ ആശ തോമസ് മാഡത്തിന്‍റെ ഓഫീസില്‍ ചെല്ലാന്‍ പറയുന്നത്. ചെന്നപ്പോള്‍ പുറത്തുനില്‍ക്ക് വിളിക്കാമെന്ന് പറഞ്ഞു. എനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഞാന്‍ സ്റ്റെപ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സ്റ്റെപ്പില്‍ ഇരുന്നാല്‍ ധര്‍ണയാണെന്ന് വിചാരിക്കും, കസേരയിലിരിക്കാനും പറഞ്ഞത്. അപ്പോ ആരോഗ്യപരമായ ബുദ്ധിമുട്ട് കാരണം കസേരയുടെ കയ്യില്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുകയായിരുന്നു ഞാനെന്നും മീഡിയ വണ്‍ ന്യൂസ് ചാനലിലോട് അജിത്ര പറയുന്നു.

അപ്പോള്‍ ഐഡി കാർഡിട്ട ഒരാള്‍ വന്ന് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. ഇവിടെ കാല് കയറ്റി ഇരിക്കാന്‍ പാടില്ല വലിയ വലിയ ആളുകള്‍ വരുന്ന സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സ്ത്രീകള്‍ കാല്‍ ഉയര്‍ത്തിവെയ്ക്കാന്‍ പാടില്ലേന്ന് ചോദിച്ചു. അപ്പോ അദ്ദേഹം നല്‍കിയ മറുപടി എന്നാല്‍ നീ തുണി ഉടുക്കാതെ നടക്ക് എന്നാണെന്നും ഡോക്ടർ പറയുന്നു. സെക്രട്ടറിയേറ്റില്‍ വെച്ചാണ് ഒരു സ്ത്രീ ഇങ്ങനെ അപമാനം നേരിട്ടത്. അതും ഇത്രയും ദിവസം സമരം മുന്നില്‍ നിന്ന് നയിച്ച ഒരു സ്ത്രീ ഇങ്ങനെ അപമാനിക്കപ്പെട്ടാല്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു. സംഭവത്തില്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും അജിത്ര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications