ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ട രീതി ഇപ്പോഴും തുടരുന്നു; മാറ്റം വേണമെന്ന് പിണറായി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ കാലത്ത ഫയല്‍ നോട്ട രീതിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന ജനവിരുദ്ധതയും അലസതയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുണപരമായ മാറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആശിക്കുന്ന തരത്തിലുള്ള സേവനം നല്‍കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കും കൈക്കൂലിക്കും കുപ്രസിദ്ധി നേടിയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ആര്‍ത്തികാട്ടിയാല്‍ വീട്ടില്‍കിടന്നുറങ്ങുന്നതിന് പകരം മറ്റെവിടെയെങ്കിലും കിടന്നുറങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

pinarayivijayan

അതേസമയം ചിലർ വിവാദ വീരൻമാരാണെന്നും എല്ലാം തങ്ങളുടെ കൈയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ചിന്തിക്കരുത്. വിവാദങ്ങള്‍ മൂലം സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗം നടക്കുന്നതിനിടെ വിവരങ്ങള്‍ ചോരുന്നുവെന്നതിന്റെ പേരില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മന്ത്രിമാരോട് അതൃപ്തി അറിയിച്ചിരുന്നു.

മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടും സര്‍വകക്ഷി യോഗം വിളിച്ചതിന്റെ പശ്ചാത്തലത്തിലും സിപിഐയുമായി ഭിന്നതകള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മെട്രൊ റെയില്‍ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രം വികസനപദ്ധതികള്‍ക്ക് നല്‍കുന്ന പിന്തുണ എടുത്തുപറഞ്ഞും പിണറായി നേരത്തെ പ്രസംഗിച്ചിരുന്നു. പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണശാല തുടങ്ങുന്നതിനെതിരെ ജനകീയസമരം ശക്തിയാര്‍ജിക്കുകയും പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസംഗം. ഇതിന് പിന്നാലെയാണ് വികസനത്തെ വഴിമുട്ടിക്കുന്നവരെ പരാമര്‍ശിച്ച് പിണറായി വീണ്ടും എത്തുന്നത്.

English summary
Chief Minister's comment about secretariat employees.
Please Wait while comments are loading...