
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീം ലീഗ്; വളര്‍ത്തിയത് സിപിഎമ്മെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: എസ് ഡി പി ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ലിം ലീഗ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്ലിം ലീഗ് ആണന്ന സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ചത് സി പി ഐ എം ആണെന്നും അവരാണ് ഇപ്പോള്‍ മുസ്ലീം ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ (പി എഫ് ഐ) ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നും പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മുസ്ലിം ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സി പി ഐ എം ആണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ എസ് എസിന് പകരം ഐ എസ് എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അത്തരത്തില്‍ രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളര്‍ച്ചയ്ക്ക് വളം നല്‍കി ഒപ്പം നിന്നത് എന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എസ് ഡി പി ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പിന്തുണ തേടിയവര്‍ സി പി ഐ എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗിനെ ഇല്ലാതാക്കാം എന്ന് സ്വപ്നം കണ്ട് ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ ഈ സംഘടനകളുടെ സഹായം സ്വീകരിച്ചു. അവരെ സി പി ഐ എം തിരിച്ചു സഹായിക്കുകയും ചെയ്തു. സി പി ഐ എമ്മും ഇടത് പാര്‍ട്ടികളുമാണ് ഇതെല്ലാം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

എന്നാല്‍ രാഷ്ട്രീയമായി മുസ്ലിം ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം ഒരിക്കല്‍ പോലും സ്വീകരിച്ചിട്ടില്ല എന്നും പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഗള്‍ഫ് പര്യടനം തീവ്ര സ്വഭാവമുളള സംഘടനകള്‍ക്കെതിരെയുളള ക്യാംപെയിന്‍ ആയിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

അതേസമയം എസ് ഡി പി ഐയുടെ മുഖ്യശത്രു മുസ്ലിം ലീഗാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും പറഞ്ഞു. സി പി ഐ എം - എസ് ഡി പി ഐ ബന്ധം മറച്ചു വെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ആ ബന്ധം മറയ്ക്കാന്‍ മുസ്ലിം ലീഗിന്റെ മെക്കിട്ട് കയറേണ്ടെന്നും പി എം എ സലാം പറഞ്ഞു.

സി പി ഐ എം - എസ് ഡി പി ഐ ധാരണ അറിയുന്നത് കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് കേരള പൊലീസിനെ അറിയിക്കാതിരുന്നത് എന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.