കണ്ണൂർ മണ്ഡലം പികെ ശ്രീമതി വീണ്ടും നേടുമോ? മണ്ഡലത്തിലും പാർലമെന്റിലും മികച്ച പ്രകടനം, സാധ്യത

വീണ്ടും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിരിക്കുന്നു, പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. വമ്പൻ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ബിജെപിക്ക് ഇക്കുറി ഭരണ തുടർച്ചയുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മോദിയെ ഭയപ്പെടുത്തുന്ന നേതാവായി രാഹുൽ ഗാന്ധി മാറിക്കഴിഞ്ഞു. രാഹുലിന്റെ നേതൃത്വത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ
രാജ്യം മുഴുവന്‍ ബിജെപി- കോണ്‍ഗ്രസ് ശക്തിപ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് മാത്രമാണ് ചര്‍ച്ച. ബിജെപിയെ സംബന്ധിച്ച് ഇതുമൊരു നേട്ടമാണ്. തികച്ചും അപ്രസക്തമായിരുന്നിടത്ത് നിന്നുണ്ടായ മുന്നേറ്റം.
കേരളത്തിന്റെ ചുവന്ന മണ്ണായ കണ്ണൂരിലേക്ക് വരാം. കേരളത്തിന്റെ കലാപ ഭൂമിയായാണ് കണ്ണൂരിനെ പുറംലോകം അറിയുന്നത്. സിപിഎം-ബിജെപി സംഘർഷങ്ങളും അതിനേക്കാൾ കൂടുതൽ സമാധാന യോഗങ്ങളും പതിവായ കണ്ണൂർ. സിപിഎമ്മിന്റെ കോട്ടയെന്നൊക്കെ പറയാറുണ്ടെങ്കിലും എപ്പോഴും സിപിഎമ്മിനെ തുണയ്ക്കുന്ന ചരിത്രമല്ല കണ്ണൂർ മണ്ഡലത്തിനുള്ളത്.
മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയാണ് നിലവിൽ കണ്ണൂർ മണ്ഡലത്തിന്റെ എംപി. ലോക്സഭയിലേക്കുള്ള പികെ ശ്രീമതിയുടെ കന്നിയംഗമായിരുന്നു കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കുറിയും ശ്രീമതിക്ക് തന്നെ സിപിഎം സീറ്റ് നൽകാനുള്ള സാധ്യത തളളിക്കളയാനാകില്ല. കോൺഗ്രസിന്റെ ശക്തനായ നേതാവ് കെ സുധാകരനെ 6000ൽ പരം വോട്ടുകൾക്കാണ് പികെ ശ്രീമതി തറപറ്റിച്ചത്,.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇക്കുറി പി കെ ശ്രീമതിക്ക് പകരം പി ജയരാജന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. അന്തിമ തീരുമാനം വരാനിരിക്കുന്നതെയുള്ളു. ഇനി മത്സരിച്ചാലും ഇല്ലെങ്കിലും കൈയ്യിൽ കിട്ടിയ അഞ്ച് വർഷം എംപിയെന്ന നിലയിൽ പികെ ശ്രീമതിയുടെ പ്രകടനം എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ തൃപ്തികരമെന്നാകും മറുപടി.
ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പികെ ശ്രീമതി കാഴ്ചവച്ചത്. ലോക്‌സഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ 161 ചര്‍ച്ചകളിൽ പങ്കെടുത്തു. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓര്‍ക്കണം. 77 ശതമാനം എന്ന സംസ്ഥാന ശരാശരി ഹാജര്‍ നിലയ്‌ക്കൊപ്പം തന്നെയാണ് പികെ ശ്രീമതിയുടെ ഹാജര്‍ നിലയും. എങ്കിലും ഒരൊറ്റ സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ പികെ ശ്രീമതി മുന്‍പന്തിയില്‍ തന്നെയാണ്. 479 ചോദ്യങ്ങളാണ് ഇക്കാലയളവിൽ സഭയിൽ ചോദിച്ചിരിക്കുന്നത്. ദേശീയ ശരാശരി ഇക്കാര്യത്തില്‍ 273 ഉം സംസ്ഥാന ശരാശരി 398 ഉം ആണ്.
2.95 കോടിയുടെ വികസന പദ്ധതികളാണ് ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമായത് എംപി എന്ന നിലയിൽ പികെ ശ്രീമതിക്ക് അനുകൂല ഘടകമാണ്. മുന്നോക്ക സമുദായ വോട്ടുകളും സ്വാധീനിച്ചേക്കാം.
തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. തളിപ്പറമ്പ, ധര്‍മടം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മും കണ്ണൂരില്‍ കോണ്‍ഗ്രസ് എസ്സും ചേര്‍ന്ന് നാല് മണ്ഡലങ്ങളാണ് ഇടതുപക്ഷത്തിന് സ്വന്തമായുള്ളത്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗും ആയിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്ന് പറയാവുന്ന ലോക്‌സഭ മണ്ഡലം ആണ് കണ്ണൂര്‍.
1999 ലും 2004 ലും സിപിഎമ്മിനൊപ്പം നിന്ന കണ്ണൂര്‍ 2009 ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം ആയി. കെ കെ രാഗേഷിനെ തോല്‍പിച്ച് കെ സുധാകരന്‍ ആയിരുന്നു മണ്ഡലം തിരിച്ചുപിടിച്ചത്. എപി അബ്ദുള്ളക്കുട്ടിയുടെ കോണ്‍ഗ്രസ് പ്രവേശനവും ഇതില്‍ നിര്‍ണായകമായിരുന്നു.
ലോക്സഭയിലും നിയമസഭയിലും തുടർച്ചായി തോറ്റ സുധാകരനെ ഇക്കുറി കോൺഗ്രസ് മത്സരത്തിനിറക്കുന്ന കാര്യം സംശയമാണ്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും അബ്ദുള്ളക്കുട്ടിയും കണ്ണൂർ സീറ്റ് നോട്ടമിട്ടിട്ടുണ്ട്. കെ സുധാകരന്റെ ബിജെപി ബാന്ധവ കഥകള്‍ ഏറെ പ്രചരിക്കുന്ന വേളയില്‍ ആണ് തിരഞ്ഞെടുപ്പ് വരുന്നത്. അത്തരം ചില അടിയൊഴുക്കുകള്‍ സംഭവിച്ചാല്‍, കെ സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ കണ്ണൂരില്‍ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധിക്കില്ല.
മണ്ഡലത്തിൽ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ചിലയിടങ്ങളിൽ ജയപരാജയങ്ങൾ നിർണയിക്കാനുളള സ്വാധീനമുണ്ട് ബിജെപിക്ക്. എതായാലും കണ്ണൂർ മണ്ഡലം ആരു പിടിക്കുമെന്നത് പ്രവചനാതീതം തന്നെയാണ്