സുന്ദരയുടെ പത്രിക പിൻവലിപ്പിച്ചത് സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടലിൽ വച്ച്; അടുത്ത തിരിച്ചടി... തെളിവെടുപ്പ്
മഞ്ചേശ്വരം: കേരളത്തില്‍ കുറച്ച് ദിവസങ്ങളായി ബ്രണ്ണന്‍ കോളേജ് വിവാദം കത്തിപ്പടരുകയായിരുന്നു. അതിന് ശേഷം കൊല്ലത്തെ സ്ത്രീധന പീഡന മരണം ആയി ചര്‍ച്ച. ഇതിനിടയ്ക്ക് മറ്റ് ചില സംഭവങ്ങളും നടന്നിട്ടുണ്ട്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുന്ദരയുമായുള്ള അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. എവിടെ വച്ചാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പുവച്ചത് എന്ന് സുന്ദര വ്യക്തമാക്കിയിട്ടുണ്ട്. അതും ബിജെപിയ്ക്കും കെ സുരേന്ദ്രനും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. വിശദാംശങ്ങള്‍...

അടുക്കത്ത് ബയിലിലെ ഹോട്ടല്‍
മഞ്ചേശ്വരം അടുക്കത്ത് ബയലിലെ ഹോട്ടലില്‍ വച്ചാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അപേക്ഷയില്‍ ഒപ്പുവച്ചത് എന്നാണ് കെ സുന്ദര അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിലെ മുഖ്യസാക്ഷിയാണ് സുന്ദര. ഈ ഹോട്ടലില്‍ സുന്ദരയെ എത്തിച്ച് തെളിവെടുത്തു.

സുരേന്ദ്രന്‍ താമസിച്ചിരുന്ന ഹോട്ടല്‍
ഇത്തവണ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ ആയിരുന്നു കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നത്. മഞ്ചേശ്വരത്ത് പ്രചാരണത്തിന് എത്തുമ്പോള്‍ സുരേന്ദ്രനും അനുയായികളും താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു സുന്ദരയെ കൊണ്ട് പത്രിക പിന്‍വലിപ്പിച്ചത്. ഇക്കാര്യം തെളിവെടുപ്പില്‍ സുന്ദര സ്ഥിരീകരിക്കുകയും ചെയ്തു.

സുനില്‍ നായിക് ഉള്‍പ്പെടെ
പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പിടുമ്പോള്‍ കെ സുരേന്ദ്രന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് സുന്ദര പറയുന്നത്. എന്നാല്‍ സുരേന്ദ്രന്റെ വിശ്വസ്തനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും ആയ സുനില്‍ നായിക്കും മറ്റ് ബിജെപി നേതാക്കളും അവിടെ ഉണ്ടായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്.

വിവരങ്ങള്‍ ശേഖരിച്ചു
അരമണിക്കൂറോളം നേരമായിരുന്നു അന്ന് ഹോട്ടലില്‍ ചെലവഴിച്ചത് എന്നാണ് സുന്ദര പറയുന്നത്. പോലീസ് ഹോട്ടല്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ തെളിവെടുപ്പ് തുടരുകയാണ്.

സുനില്‍ നായിക്കിന്റെ പങ്ക്
കെ സുന്ദരയ്ക്ക് വീട്ടില്‍ എത്തി പണം കൈമാറുമ്പോള്‍ സുനില്‍ നായിക്ക് കൂടെ ഉണ്ടായിരുന്നു എന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘത്തിലും സുനില്‍ നായിക് ഉണ്ടായിരുന്നു എന്നാണ് സുന്ദര പിന്നീട് പോലീസിനോട് പറഞ്ഞത്. സുനില്‍ നായിക്കിന്റെ ഇടപെടലുകള്‍ കൂടുതല്‍ സംശങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.

കൊടകര കുഴല്‍പണ കേസ്
കൊടകര കുഴല്‍പണ കേസിലും സംശയ മുനയില്‍ നില്‍ക്കുന്ന ആളാണ് സുനില്‍ നായിക്. ധര്‍മരാജന്‍ ആദ്യം നല്‍കിയ പരാതിയില്‍ തന്നെ പണം സുനില്‍ നായിക്കിന്റേതാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ധര്‍മരാജന്റെ മൊഴികള്‍ മാറിമറിയുന്നതും കേരളം കണ്ടു.

രഹസ്യമൊഴി
കെ സുന്ദരയുടെ രഹസ്യ മൊഴി ജൂണ്‍ 29 ന് ഹോസ്ദുര്‍ഗ് കോടതിയില്‍ രേഖപ്പെടുത്തും. അതിന് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയുള്ളു. നിലവില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കി എന്ന വകുപ്പ് പ്രകാരം കെ സുരേന്ദ്രനെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications