നയപ്രഖ്യാപനം; സർക്കാരിന് നേട്ടവുമുണ്ടാക്കാനായില്ലെന്ന് ഭരണപക്ഷത്തിന് പോലും മനസിലായി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നടത്തുമ്പോൾ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാൻ സാധിക്കാത്തത് സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനാവാത്തത് കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ പൂർണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎൽഎമാർക്ക് ബോധ്യമായതു കൊണ്ടാണ് നിയമസഭയിൽ കയ്യടികൾ ഉയരാതിരുന്നത്. സ്വന്തം പിടിപ്പുകേട് മറയ്ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരുകയാണ്. കേന്ദ്രസർക്കാരിന്റെ സഹായം ഉള്ളതു കൊണ്ട് മാത്രമാണ് കേരളത്തിൽ പട്ടിണിയില്ലാതെ പോയതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കൊവിഡ് കാലത്ത് കേന്ദ്രം ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് കേരളത്തിനാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും മറ്റ് സഹായങ്ങളും കൃത്യമായി ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചില്ല. സംസ്ഥാന ധനകാര്യ വകുപ്പിന് നികുതി പരിക്കാൻ പോലും കഴിവില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രഫണ്ടുകൾ വഴിമാറ്റി ചിലവഴിക്കാനാണ് പിണറായി സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധത്തിലാവുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കുന്ന ജോലിയാണ് വിഡി സതീശൻ ചെയ്യുന്നത്. ഗവർണറെ ഗോബാക്ക് വിളിക്കുന്ന തരത്തിലേക്ക് അധപതിച്ച പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുകയാണ്. സർക്കാരിന്റെ അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തിലും സഹകരണ മുന്നണിയായി മുന്നേറുകയാണ് യു ഡി എഫും എൽ ഡി എഫുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സർക്കാരും സി പി എമ്മും അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സർക്കാർ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ മടിച്ചതിന് കാരണം. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വർഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവർക്ക് പെൻഷൻ വാങ്ങി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
അതേസമയം, നിയമസഭയില്‍ ഇന്ന് ഗവർണ്ണർക്ക് നേരെ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായിരുന്നു. ഗവർണർ കയറി വന്ന ഉടൻ പ്രതിപക്ഷം 'ഗവർണർ ഗോ ബാക്ക്' വിളികളും ബാനറുകളുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്. സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നുമായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തോടുള്ള ഗവർണറുടെ പ്രതികരണം.
ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക












Click it and Unblock the Notifications