ദയവായി തമിഴ്നാട് മുഖ്യമന്ത്രിയുടെ പേജിൽ പൊങ്കാലയിട്ട് സഹായിക്കരുത്.. തെറിവിളിക്കാരോട് ആഷിഖ് അബു
കൊച്ചി: മഴ കലിതുള്ളി പെയ്തതിന് പിന്നാലെ ഡാമുകള്‍ കൂടി തുറന്ന് വിട്ടതോടെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കേരളത്തിന് ആദ്യം സഹായവുമായി എത്തിയവരുടെ കൂട്ടത്തില്‍ തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാടുമുണ്ട്. നിരവധി സന്നദ്ധ സംഘടനകളും തമിഴ് സിനിമാ താരങ്ങളും കേരളത്തിന് വേണ്ടി കൈ മെയ് മറന്ന് സഹായമൊഴുക്കി. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനാവില്ല എന്ന തമിഴ്‌നാട് വ്യക്തമാക്കിയത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയിട്ട് തുടങ്ങി. തമിഴിലും മലയാളത്തിലുമായാണ് ചീത്തവിളി. ഈ ചീത്തവിളിക്കാര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത് വന്നിരിക്കുകയാണ്. ദയവായി സേഫ് സോണിലിരുന്ന് തമിഴ് നാട് മുഖ്യമന്ത്രിയുടെ പേജിലും മറ്റും പോയി പൊങ്കാലയിട്ട് സഹായിക്കരുത്. തമിഴ്നാട്ടിൽ നിന്നും മറ്റും ധാരാളം സഹായം ലോറികൾ വഴിയായും അല്ലാതെയും കേരളത്തിലെത്തുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും പണമായും സാധനങ്ങളായും വലിയ സഹായങ്ങളാണ് കേരളത്തിലേക്ക് വന്ന് കൊണ്ടിരിക്കുന്നത്. കേരളത്തിന് അഞ്ച് കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം അരി അടക്കമുള്ള അവശ്യ വസ്തുക്കളും മെഡിക്കല്‍ സംഘത്തേയും കേരളത്തിലേക്ക് അയക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ് സിനിമാ താരങ്ങള്‍ മലയാള താരങ്ങള്‍ക്കും മുന്‍പേ ലക്ഷങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതൊക്കെ മറന്നാണ് ചിലരുടെ തെറിവിളിയും പൊങ്കാലയും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.