കോവിഡാനന്തര ചികിത്സ: ജനങ്ങളില്‍ നിന്നും കാശ് ഈടാക്കാനുള്ള ഉത്തരവ് ക്രൂര നടപടി; ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സാ ചിലവിനു ജനങ്ങളില്‍ നിന്നും കാശ് ഈടാക്കും എന്നുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് മനസാക്ഷി ഇല്ലാത്ത ഒരു ക്രൂര നടപടി ആണെന്ന് കോണ്‍ഗ്രസ് എം എല്‍ എ രമേശ് ചെന്നിത്തല പറഞ്ഞു. ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാന്‍ വിവിധ വകുപ്പുകളും വലവീശി ഇറങ്ങി നടക്കുകയാണ്. അതിനു പുറമെ ഈ നടപടി ജനദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിത്യ ആഹാരത്തിന് പൊറുതി മുട്ടി ജനം വലയുമ്പോള്‍ അവരെ പരമാവധി സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ കോവിഡ് ചികിത്സക്ക് പോലും പണം ഈടാക്കുന്നത് ജനസമൂഹത്തിന് നേരെയുള്ള അതിക്രമം മാത്രം.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രി ചിലവ് പോലും ഏറ്റെടുത്തു അവിടത്തെ സര്‍ക്കാര്‍ മാതൃക കാണിക്കുമ്പോള്‍, ആരോഗ്യ മേഖലയില്‍ എന്നും മാതൃക കാണിച്ചിട്ടുള്ള കേരള സര്‍ക്കാര്‍ പരിഹാസമായി മാറിയിരിക്കുന്നു. യു.ഡി.എഫ് ന്റെ പ്രകടന പത്രികയില്‍ ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു ബില്‍ രഹിത ആശുപത്രി.
പ്രതീക്ഷയോടെ ജനം നല്‍കിയ വിധി പുച്ഛിച്ചു ഇന്ന് പിണറായി സര്‍ക്കാര്‍ ജനങ്ങളെ പോക്കറ്റ് അടിക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്ഥ മൂലം പകരുന്ന കോവിഡിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. മഹാമാരിയിലേക്ക് ജനങ്ങളെ തള്ളി വിടുന്ന സര്‍ക്കാര്‍ അവരുടെ ചികിത്സ ചിലവ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍. വിഭാഗത്തില്‍ പെട്ടവര്‍ക്ക് പോസ്റ്റ് കോവിഡ് സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും ആസ്വസ്ഥനാക്കുകയും ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല.
ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ.പി.എല്ലും, ബി. പി. എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങള്‍ ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകില്‍ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്.എത്രയും വേഗം ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. എപിഎല്‍ വിഭാഗത്തിന് ഒരു കിടക്കയ്ക്ക് 750 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കാനാണ് സർക്കാർ നിര്‍ദ്ദേശം.












Click it and Unblock the Notifications