ഒളിമ്പിക്സില്‍ ജയിച്ചു, പക്ഷെ മന്ത്രിമാരുടെ 'വടംവലിയില്‍' അപമാനിതനായി പിആർ ശ്രീജേഷ്
തിരുവനന്തപുരം: കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള വടംവലിയില്‍ അപമാനിതനായി ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവും, ഇന്ത്യന്‍ അഭിമാനവുമായ പിആർ ശ്രീജേഷ്. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്‍ന്ന് ഇന്ന് ശ്രീജേഷിനായി നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദ് ചെയ്തിരിക്കുകയാണ്. സ്വീകരണത്തിനായി പിആർ ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു പരിപാടി മാറ്റിയ കാര്യം അറിയിക്കുന്നത്.
പിആർ ശ്രീജേഷിന് ഇന്ന് സ്വീകരണം ഒരുക്കിയിരുന്നത് വിദ്യാഭ്യാസ വകുപ്പായിരുന്നു. വന്‍ തുക മുടക്കി തിരുവനന്തപുരം നഗരത്തില്‍ നിറയെ ബാനറുകളും ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയം വരെ ഘോഷയാത്രയുടെ അകമ്പടിയോടെയുള്ള സ്വീകരണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ഉച്ചയോടുകൂടി വാര്‍ത്താസമ്മേളനം നടത്തി വിശദീകരണം നടത്തുകയും ചെയ്തു.

എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മന്ത്ര സമ്മേളനത്തിന് പിന്നാലെ കായിക വകുപ്പ് മന്ത്രി പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലെത്തി. കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്‍കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് തന്നെ സ്വീകരണം നടത്താനായിരുന്നു കായിക വകുപ്പിന്റേയും നീക്കം. എന്നാല്‍ മുഖ്യമന്ത്രിയുടെ സമയം ലഭിച്ചില്ല. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണവും റദ്ദ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിക്കുകയായിരുന്നു. ഇതോടെയാണ് സ്വീകരണമില്ലാതെ ശ്രീജേഷിന് മടങ്ങേണ്ടി വന്നത്.
അതിനിടെ, പിആർ ശ്രീജേഷിനും കുടുംബത്തിനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്റെ വീട്ടില്‍ സ്വീകരണമൊരുക്കി. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു
അതേസമയം, പിആർ ശ്രീജേഷിന്റെ സ്വീകരണം മാറ്റിവെച്ചതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. രാജ്യത്തിൻ്റെ അഭിമാന താരമായ പിആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നത് കായിക രംഗത്തിന് അപമാനമാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
വകുപ്പുകള്‍ തമ്മിലുണ്ടായ തർക്കം സർക്കാരിൻ്റെ കൂട്ടുത്തരവാദിത്തമില്ലായ്മയും കടുത്ത അനാസ്ഥയുമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിമ്പിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്തതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications