പിണറായിക്കും പ്രതിപക്ഷത്തിനും ബിജെപിയുടെ കത്ത്; അപ്രതീക്ഷിത നീക്കം, ആവശ്യം ഇങ്ങനെ
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി ബിജെപി. അപ്രതീക്ഷിത നീക്കമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കത്ത് നല്‍കിയിരിക്കുന്നത്. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനായിട്ടാണ് തന്റെ ജീവിതം ദ്രൗപതി മൂര്‍മു സമര്‍പ്പിച്ചിരിക്കുന്നത്. അങ്ങനൊരാളെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കാന്‍ തയ്യാറവണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

ഭരണരംഗത്തെ മികവും പരിചയസമ്പത്തും ദ്രൗപതിയെ രാഷ്ട്രപതി പദവിയില്‍ വിജയത്തിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയത്തിന് അതീതമായി അവര്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുരേന്ദ്രന്‍ പിണറായിയെയും പ്രതിപക്ഷ നേതാവിന്റെയും പിന്തുണ ആവശ്യപ്പെട്ടത്. ദേശീയ തലത്തിലും ഈ നീക്കം നടക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരോട് അഭിപ്രായം തേടിയിട്ടുണ്ട്.
അതേസമയം ഫാറൂഖ് അബ്ദുള്ള, ദേവഗൗഡ, എന്നീ മുതിര്‍ന്ന നേതാക്കളെയും നദ്ദ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷത്തോട് അവസാന നിമിഷം മാത്രമാണ് പിന്തുണ ആവശ്യപ്പെട്ടിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ അതുകൊണ്ട് തന്നെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയിരുന്നു. ഇത്തവണ എല്ലാം പ്രശ്‌നങ്ങളും മറന്നാണ് പ്രതിപക്ഷത്തെ ബിജെപി ബന്ധപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്‌ഠ്യേന ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കമെന്നാണ് ബിജെപി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നിരയില്‍ തന്നെ ഇവരെ പിന്തുണയ്ക്കണമെന്ന് ആഹ്വാനമുണ്ട്.
നിതീഷ് കുമാറും നവീന്‍ പട്‌നായിക്കും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇവരുടെ പിന്തുണ ഉറപ്പായിരിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പ്രതിപക്ഷ നിരയില്‍ നിന്ന് മാറുമെന്നാണ് സൂചന. ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. പ്രധാന കാരണം അവരൊരു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ടാണ്. ഇവരെ എതിര്‍ത്താല്‍ ദളിത്-ആദിവാസി വിഭാഗത്തിനെതിരെ നില്‍ക്കുന്നവരാണ് പ്രതിപക്ഷമെന്ന ധാരണയുണ്ടാവും. ബിജെപി ഇത് എളുപ്പത്തില്‍ പ്രചാരണം നടത്താനും സഹായിക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ബിജെപി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.












Click it and Unblock the Notifications