'പിണറായിക്കാലത്തെ ജയിൽ അനുഭവം അത്ര നല്ലതല്ല, ജയിലിൽ നിന്നും പുറത്തിറങ്ങാനായത് ഭാഗ്യം'; പിവി അൻവർ
തന്റെ അറസ്റ്റ് സർക്കാരിന്റെ ഗൂഢാലോചന ആയിരുന്നെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. പിണറായിക്കാലത്തെ ജയിൽ അനുഭവം അത്രനല്ലതായിരുന്നില്ല. ഒരു ദിവസത്തിനുള്ളിൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായാണ് താൻ കാണുന്നതെന്നും പിവി അൻവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അൻവറിന്റെ പ്രതികരണം.
'പിണറായി വിജയനെതിരെ സംസാരിക്കുമ്പോൾ സ്വാഭാവികമായും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമ്പോൾ അതിൽ മറുപടിയോ നടപടിയോ അല്ല ഉണ്ടാകുന്നത്. ഒതുക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. എന്നെ ഇല്ലായ്മ ചെയ്യുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ ഞാൻ ഉദ്ദേശിച്ച നിലയിലൊന്നും ഇപ്പോഴും അവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല. അറസ്റ്റിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടായിരുന്നു. എന്നാൽ ജുഡീഷ്യറി ഇടപെട്ടതോടെ അവരുടെ അറസ്റ്റ് പൊളിഞ്ഞു. ഈ പോരാട്ടം ഇനിയും മുന്നോട്ട് പോകും', പിവി അൻവർ പറഞ്ഞു.

നിയമസഭ സമ്മേളന കാലയളവിൽ എന്നെ പുറത്ത് നിർത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനം ഏൽപ്പിച്ച ഉത്തരവാദിത്തവുമായി ഇനിയും ഞാൻ മുന്നോട്ട് പോകും. പിണറായിസം അവസാനിപ്പിക്കേണ്ടത് ഇവിടുത്തെ ജനങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും ആവശ്യമാണ്', അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിന് പിന്നാലെ യുഡിഎഫിൽ നിന്നും പിവി അൻവറിന് പിന്തുണ ഏറുകയാണ്. കഴിഞ്ഞ ദിവസം കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബൽറാം അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ തിരുത്തിയാൽ യുഡിഎഫുമായി അൻവറിന് സഹകരിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കെ പി സി സി അംഗമായ റിജിൽ മാക്കുറ്റിയും അൻവറിന്റെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നുണ്ട്. അവൻവറിന് മടങ്ങാൻ സമയമായെന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്.
അൻവർ എംഎൽഎയോട് രാഷ്ട്രീയ വിയോജിപ്പുള്ള ആളായിരുന്നു ഞാൻ
പക്ഷേ മറുനാടൻ മലയാളിയുടെ സാജൻ സ്കറിയക്ക് എതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തിൽ എനിക്ക് വലിയ മതിപ്പായിരുന്നു. തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള സമയമായി', എന്നാണ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം ഇത്തരത്തിൽ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും അൻവറിന്റെ യുഡിഎഫ് പ്രവേശനം അത്ര എളുപ്പമാകില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. സഖ്യകക്ഷികളിൽ പലർക്കും അൻവറിനോട് കടുത്ത എതിർപ്പുണ്ട്. ആർ എസ് പി ഇന്നലെ ഈ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗിനുള്ളിലും ചിലർക്ക് അൻവറിനോട് എതിർപ്പുണ്ട്.












Click it and Unblock the Notifications