ഇപി ജയരാജന്‍ കുടുങ്ങുമോ? ഇന്‍ഡിഗോ റിപ്പോര്‍ട്ട് പുറത്ത്; വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധം നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ടുമായി ഇന്‍ഡിഗോ എയര്‍ ലൈന്‍സ്.
വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ച് ഇവര്‍ നീങ്ങുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.


സംഭവം നടക്കുമ്പോള്‍ വിമാന ജീവനക്കാര്‍ ശാന്തരാക്കാന്‍ നോക്കിയെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇപി ജയരാജന്‍ പിടിച്ചുതള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിതമായി പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. കണ്ണൂരില്‍നിന്നാണ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്.
പ്രതിഷേധം ആരംഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടിരുന്നു. ഇപി ജയരാജന്‍ ഇവരെ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ജയരാജനെതിരെ രംഗത്തുവന്നു.

സംഭവത്തില്‍ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞിരുന്നു.

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ ആഞ്ഞുതള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും നിയമം നുസരിച്ച് ഒരേ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധ പറയുന്നത്. പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത് പോലെ പോലീസിന് ഇപി ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടിവരും. പോലീസ് ഇതിന് തയാറായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെയും കോടതിയെയും സമീപിക്കാന്‍ പറ്റുമെന്നാണ് പറയുന്നത്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും കേസെടുക്കേണ്ടിവരും.

നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യാന്തരതലത്തില്‍ രൂപീകരിച്ച നിയമവ്യവസ്ഥകള്‍ ഉണ്ടെന്നുമാണ് വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അണ്‍ലാഫുള്‍ ആക്ട്‌സ് എഗൈന്‍സ്റ്റ് സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് രൂപീകരിച്ചിരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയത്. ഇതിന് പിന്നാലെയും സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. രഹസ്യമൊഴിമാറ്റാന്‍ മുഖ്യമന്ത്രി ഷാജ് കിരണ്‍ എന്നയാളെ പറഞ്ഞുവിട്ടെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications