ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി; കെ റെയിലിനെതിരെ ഇന്നും പ്രതിഷേധം
കൊല്ലം: കെ റെയില്‍ സര്‍വെയ്‌ക്കെതിരെ ഇന്നും പ്രതിഷേധം. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടലില്‍ കൊല്ലത്താണ് ഇന്ന് കനത്ത പ്രതിഷേധം ഉടലെടുത്തത്. കൊല്ലം തഴുത്തലയില്‍ ഇന്ന് വന്‍ പ്രതിഷേധം ഉണ്ടായി. പ്രദേശത്ത് ഇന്ന് രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത്. സമര സമിതിയ്‌ക്കൊപ്പം ബി ജെ പി, യു ഡി എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. അതേസമയം ഇന്നും ആത്മഹത്യാ ഭീഷണി മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
അതിരടയാള കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് എല്ലാവരേയും പരിഭ്രാന്തരാക്കി. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. തന്റെ വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണ മൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും ഇയാള്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ തഴുത്തലയില്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ അതിരടയാള കല്ലിടാന്‍ അനുവദിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം പ്രദേശത്തേക്ക് കെ - റെയില്‍ കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച അനുകൂല വിധിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സര്‍വേ നടപടികള്‍ പുനരാരംഭിച്ചത്.

കഴിഞ്ഞ ദിവസം പ്രതിഷേധം നടന്ന കോട്ടയം നട്ടാശേരി, മാടപ്പള്ളി, എറണാകുളം മാമല, മലപ്പുറം തിരുന്നാവായ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും സര്‍വേ നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതല്‍ സര്‍വേ ആരംഭിക്കാനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം പ്രതിഷേധക്കാരുടെ വീട്ടില്‍ നേരിട്ട് ചെന്ന് ബോധവല്‍ക്കരണ പരിപാടി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ വീട്ടുകാരോടും ഭൂവുടമകളോടും പങ്കുവെച്ചപ്പോള്‍ എല്ലാവരുടേയും പ്രതിഷേധം തണുത്തുവെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍ എന്നാണ് സജി ചെറിയാന്റെ അവകാശവാദം. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയ്ക്കായി ചെങ്ങന്നൂരില്‍ ഏറ്റെടുക്കുന്നത്.

ഇന്ന് കോഴിക്കോട് സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. സര്‍വേക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി ശരിവെച്ചത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് സമര സമിതിയുടെ നിലപാട്. സമരത്തില്‍ നിന്ന് പിന്‍മാറേണ്ടെന്നാണ് യു ഡി എഫിന്റേയും നിലപാട്. കല്ലിട്ടാന്‍ ഇനിയും പിഴുതെറിയും എന്നാണ് യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications