നിലപാടിൽ ഉറച്ച് നിന്ന കോൺഗ്രസിലെ ഒറ്റയാൻ;പരിസ്ഥിതിക്ക് വേണ്ടി ശക്തമായ നിലപാടെടുത്ത നേതാവ്
തിരുവനന്തപുരം; കോൺഗ്രസിലെ അതികായനായ പി ടി തോമസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ ലോകം. ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.അർബുദ രോഗ ബാധിതനായിരുന്നു. കുറേ നാളുകളായി വെല്ലൂരിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. കോൺഗ്രസ് നേതൃനിരയിൽ തന്റെ അഭിപ്രായങ്ങൾക്കൊണ്ടും നിലപാടും കൊണ്ടും വേറിട്ട് നിന്ന് നേതാവാണ് പിടി തോമസ്.
പി ടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയില്‍

തൊടുപുഴയിൽ ജനിച്ച് പിന്നീട് ഇടുക്കിയിലേക്ക് ചേക്കേറിയ കർഷക കുടുംബത്തിലെ അംഗമായിരന്നു പി ടി തോമസ്. രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയ പറമ്പിൽ തോമസിൻ്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12 നാണ് പി ടിയുടെ ജനനം. വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ എസ് യുവിന്‌റെ സജീവ പ്രവർത്തകനായ അദ്ദേഹം കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.1980 ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ എ ഐ സി സി, കെ പി സി സി അംഗമാണ്. 1990 ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്.

1991 ലാണ് നിയമസഭയിലേക്കുള്ള പിടി തോമസിന്റെ കന്നി അംഗം. തൊടുപുഴ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ മത്സരം.1996 ൽ രണ്ടാം അംഗത്തിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു. എന്നാൽ 2001 ൽ പിജെ ജോസഫിൽ നിന്നും മണ്ഡലം തിരിച്ചുപിടിച്ചു. 20006 ൽ പിജെ ജോസഫിനോട് വീണ്ടും പരാജയം രുചിച്ചു.2009 ലാണ് അദ്ദേഹം ഇടുക്കി ലോക്സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു പി ടി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ വലിയ രീതിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി ടി തോമസിന്റെ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇടുക്കി എം പിയായിരുന്ന കാലത്ത് അദ്ദേഹം കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേരിൽ ക്രൈസ്തവ സഭയുമായി നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവ സംഘടനകളിൽ എതിർപ്പും വിമർശനവും കടുത്തതോടെ പാർട്ടി നേതൃത്വം അദ്ദേഹത്തെ ഇടുക്കി സീറ്റിൽ നിന്നും മാറ്റി .

തുടര്‌ന്ന് 2016 ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.
അന്ന് സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി. 61,268 വോട്ടുകൾക്കായിരുന്നു പി ടിയുടെ വിജയം. 2022ൽ സി പി എമ്മിലെ ഡോക്ടർ കെ ജെ ജേക്കബിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി.

എന്നും കോൺഗ്രസിലെ വ്യത്യസ്ത ശബ്ദമായിരുന്ന പിടി തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിൽ യാതൊരു മടിയും കാണിച്ചില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ആദ്യകാലത്ത് സജീവമായിരുന്ന നേതാവായിരുന്നു പി ടി തോമസ്. എ ഗ്രൂപ്പ് നേതാവായ അദ്ദേഹം പക്ഷേ പിന്നീട് ഗ്രൂപ്പുകളിൽ നിന്നും അകലം പാലിച്ചു. പാർട്ടി അധ്യക്ഷനായി ഇക്കുറി ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് പി ടി തോമസിന്റേതായിരുന്നു. പാർട്ടി പുനഃസംഘടനയിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റായി.