പള്‍സര്‍ സുനിയെ നേരത്തേ പിടിച്ചു? കോടതിയില്‍ അരങ്ങേറിയത് പോലീസ്-ചാനല്‍ തിരക്കഥ? അടിമുടി ദുരൂഹത
കൊച്ചി: പള്‍സര്‍ സുനിയെ പിടികൂടിയത് സംബന്ധിച്ച് ദുരൂഹതകളെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ സംഭവിച്ചത് മുഴുവന്‍ പോലീസും ചില ചാനലുകളും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണെന്നാണ് ആക്ഷേപം.
ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു എന്നാണ് മെട്രാവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോടതിയില്‍ വച്ചോ എറണാകുളം ജില്ലയില്‍ വച്ചോ അല്ല സുനി പിടിയിലായത്, മറിച്ച് തൃശൂര്‍ ജില്ലയിലെ പോട്ട ആശ്രമത്തിന് അടുത്ത് വച്ചാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം ആണെന്ന് സംശയിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്...

വ്യാഴാഴ്ച രാവിലെ 9.55 ന് തൃശൂര്‍ ജില്ലയിലെ പോട്ടയില്‍ വച്ചാണ് പള്‍സര്‍ സുനിയെ പിടികൂടിയത് എന്നാണ് ആക്ഷേപം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തെളിവുകളൊന്നും ലഭ്യമല്ല.

ചാരനിറത്തിലുള്ള സാന്‍ട്രോ കാറില്‍ സ്വയം ഡ്രൈവ് ചെയ്താണ് പള്‍സര്‍ സുനി എത്തിയത് എന്നാണ് മെട്രോ വാര്‍ത്തയിലെ റിപ്പോര്‍ട്ട്. ഈ സമയം ആറ് ജീപ്പുകളിലായി പോലീസ് സംഘം വളയുകയായിരുന്നത്രെ.

മഫ്‌ളര്‍ കൊണ്ട് മുഖം മൂടിയാണ് സുനി എത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ പോലീസ് പിടികൂടിയപ്പോള്‍ മുഖം വെളിപ്പെട്ടു. നാട്ടുകാര്‍ സുനിയെ തിരിച്ചറിഞ്ഞതായും മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവരം അറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം പോലീസില്‍ അന്വേഷിച്ചിരുന്നുവത്രെ. എന്നാല്‍ പിടികൂടിയത് തമിഴ്‌നാട് സ്വദേശിയെ ആയിരുന്നു എന്നും ഇയാളെ വിട്ടയച്ചു എന്നും ആയിരുന്നത്രെ പോലീസിന്റെ മറുപടി.

തൃശൂര്‍ പോട്ടയില്‍ നിന്ന് പിടികൂടിയെ സുനിയെ നേരെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം തയ്യാറാക്കിയ നാടകമാണ് പിന്നീട് നടന്നത് എന്നും ആക്ഷേപമുണ്ട്.

കീഴടങ്ങാന്‍ എത്തിയത് എന്ന വ്യാജേന സുനിയേയും വിജേഷിനേയും കോടതിയില്‍ എത്തിച്ചതും പോലീസ് ആണെന്നാണ് ആക്ഷേപം. പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ രണ്ട് ചാനലുകളെ ചുമതലപ്പെടുത്തിയതായും മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നു കോടതി പരിസരത്ത്. എന്നിട്ടും എങ്ങനെയാണ് പള്‍സര്‍ സുനിയും വിജേഷും കോടതിയ്ക്കുള്ളില്‍ കയറിയത് എന്നത് തന്നെ നിര്‍ണായകമായ കാര്യമാണ്. പോലീസ് സഹായമില്ലാതെ എത്താന്‍ കഴിയില്ലെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ എത്തിയ സമയവും ഏറെ സംശയം സൃഷ്ടിക്കുന്നതാണ്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു ഇവര്‍ എത്തിയത്. കീഴടങ്ങുന്നതിന് വേണ്ടി ഇങ്ങനെ ഒരു സമയം തിരഞ്ഞെടുക്കാനുള്ള സാധ്യതയും കുറവാണെന്നും പറയപ്പെടുന്നു.

പോലീസ് പിടിക്കാനെത്തിയപ്പോള്‍ കോടതി മുറിയിലെ പ്രതിക്കൂട്ടിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു പള്‍സര്‍ സുനിയും വിജേഷും എന്നാണ് പറയുന്നത്. അതിനിടയിലാണ് പോലീസ് രണ്ട് പേരേയും പിടിച്ചുവലിച്ച് ജീപ്പിലേക്ക് കയറ്റുന്നത്.

എന്നാല്‍ പോട്ടയില്‍ രാവിലെ പിടികൂടിയത് മറ്റൊരാളെ തന്നെ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനി ആണെന്ന് സംശയം തോന്നിയാണ് ഇയാളെ പിടികൂടിയത് എന്നും പിന്നീട് ഇയാളെ വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications