ആക്രമിക്കപ്പെട്ട നടിയെ കണ്ട് എല്ലാം പറയണം, ക്ഷമ ചോദിക്കണം; പൊട്ടിക്കരഞ്ഞ് പള്‍സര്‍ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് 2018 മേയ് മാസം എഴുതിയ കത്ത് പുറത്തുവിടുന്നതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.
Recommended Video
എന്നാല് ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയെ കണ്ട് ക്ഷമ ചോദിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് പള്‍സര്‍ സുനിയുടെ അമ്മ. നടിയോട് എല്ലാ സത്യവും തുറന്നുപറയണമെന്ന് സുനിയുടെ അമ്മ വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനിയുടെ അമ്മയുടെ വാക്കുകളിലേക്ക്...

വിജീഷ് എന്ന പയ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിഞ്ഞപ്പോഴാണ് കത്ത് പുറത്തുവിടാന്‍ തീരുമാനിച്ചത്. ക്രിസ്തുമസിന് മുമ്പത്തെ ഒരു ഞായറാഴ്ചയാണ് വിജീഷ് ആത്മഹത്യ ചെയ്തത്. അതേ കുറിച്ച് ഒന്നും സുനി പറഞ്ഞില്ലെന്നും അമ്മ പറഞ്ഞു. കേസില്‍ മകന്‍ കീഴടങ്ങിയത് ജീവന് ഭീഷണിയുള്ളതുകൊണ്ടാണെന്നും അമ്മ പറയുന്നു.

അവനെ വധിക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. അതേ കുറിച്ച് എപ്പോഴും പറയാറുണ്ട്. ജീവന് ഭീഷണിയാണ്, ഇനി എന്നെ നോക്കേണ്ട എന്ന എപ്പോഴും പറയും. ഇനി എന്നെ പ്രതീക്ഷിക്കുകയേ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. മകനെ അവര്‍ എന്തെങ്കിലും ചെയ്യുമെന്ന പേടി തനിക്ക് ഇപ്പോഴുമുണ്ട്. പത്രം എടുത്തു നോക്കുമ്പോള്‍ എന്താണ് വരുന്നതെന്ന് ഓര്‍ത്ത് ഇപ്പോഴും പേടിയുണ്ടെന്ന് അമ്മ വ്യക്തമാക്കി.

എന്നെ കണ്ട് കഴിഞ്ഞാല്‍ കൊല്ലാനുള്ള നീക്കങ്ങള്‍ നടന്നെന്ന് മകന്‍ എപ്പോഴും പറയും, എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരുടെയും പേര് തന്നോട് പറഞ്ഞില്ല. അതിന് ശേഷമാണ് മനസിലാക്കിയത് ഇതിന് പിന്നില്‍ ദിലീപാണെന്ന്. പിന്നീട് നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അമ്മ പറയുന്നു.

ഇതിന് പിന്നില്‍ വലിയ വലിയ ആള്‍ക്കാരാണ്. അതുകൊണ്ട് എല്ലാം കൊണ്ട് പേടിയുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ അവന്റെ കാര്യത്തില്‍ ചോദിക്കാനോ മറ്റോ വേറെ ആരുമുണ്ടായിട്ടില്ല. ഞാന്‍ പോയി കാണാറുണ്ട്. ഒരു വക്കീലിനെ നിര്‍ത്താന്‍ പോലും ഞങ്ങളെ കൊണ്ട് സാധിച്ചിട്ടില്ല. നടിയെ ആക്രമിക്കപ്പെടുന്നതിന് മുമ്പ് ദിലീപുമായി കൂട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ഫോണ്‍ വിളിക്കുന്നതൊക്കെ ആരാണെന്ന് പറയാറില്ല. അവരുമായി ബന്ധങ്ങളുണ്ടോ എന്നുള്ള കാര്യമൊന്നും അറിയില്ലെന്ന് അമ്മ പറഞ്ഞു.

നടിയുമായി സുനിക്ക് യാതൊരുവിധ വൈരാഗ്യമോ ഒന്നുമില്ല. അക്കാര്യം സുനി തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അവന്‍ പെട്ടുപോയെന്നാണ് എപ്പോഴും പറയാറുള്ളത്. ചെയ്തത് തെറ്റാണെന്ന പശ്ചാത്താപം സുനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഇങ്ങനെ പെട്ടുപോയി, എന്നെ എല്ലാവരും ചേര്‍ന്ന് പെടുത്തി. എനിക്ക് ഇതില്‍ വളരെ വിഷമമുണ്ട് എന്നൊക്കെ എപ്പോഴും പറയാറുണ്ട്.

മകന് ഈ ക്വട്ടേഷന്‍ നടത്തിയതിന് പ്രതിഫലം വല്ലതും നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ച് അറിയില്ല. ഒരു പണവും ഇവിടെ കൊണ്ടുവന്ന് തന്നിട്ടില്ല. ഏതെങ്കിലും തരത്തില്‍ കിട്ടിയതായി തനിക്ക് അറിവില്ലെന്നും അമ്മ വ്യക്തമാക്കുന്നു. ഇതോടൊപ്പം ആക്രമിപ്പെട്ട നടിയെ കണ്ടാലുള്ള പ്രതികരണത്തെ കുറിച്ച സുനിയുടെ അമ്മ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയോട് എനിക്ക് പറയാനുള്ളത്, ക്ഷമിക്കണം എന്നാണ്, എനിക്കും ഒരു മകളുണ്ട്. അവരോട് മകന് ഒരു വൈരാഗ്യമില്ല. ഇത് ഇവന്‍ ചെയ്തില്ലെങ്കില്‍ വേറെ ഒരാള്‍ ചെയ്യും. എന്താ ചെയ്യാന്‍ പറ്റുന്ന കാര്യം എന്നുവച്ചാല്‍ അവരും കൂടി ചെയ്യുക. അവരോട് സംസാരിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഞാന്‍ സംസാരിക്കും. ക്ഷമ ചോദിക്കും. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം തുറന്നുപറയും. അവര്‍ക്ക് മനസിലാവുമെന്നാണ് പ്രതീക്ഷ- സുനിയുടെ അമ്മ പറഞ്ഞു.












Click it and Unblock the Notifications