വാഹന രജിസ്ട്രേഷൻ നികുതി തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കേസ് തുടരും, അമലക്കും ഫഹദിനും ക്ലീൻ ചിറ്റ്!
കൊച്ചി: വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിലിനെയും അമലാപോളിനെയും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. അമല വാങ്ങിയത് ഒരു വാഹനമാണ്. കൂടാതെ കേരളത്തിലെ റോഡുകളിൽ ഈ വാഹനം സർവീസ് നടത്തിയിട്ടില്ലെന്നും ക്രൈംബ്രാ‍്ച് കണ്ടെത്തിയരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിൽ കേസ് നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകക്ക് താമസിച്ചുവെന്ന വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അമലാ പോള്‍ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇത് ക്രൈംബ്രാഞ്ച് ശരിവെക്കുകയും ചെയ്തു.

കേരളത്തിൽ കേസെടുക്കാനാകില്ല
അമല ബെംഗളൂരുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അവിടെ നിന്ന് താത്കാലിക രജിസ്‌ട്രേഷനെടുത്ത ശേഷം പുതുച്ചേരിയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേരളത്തിന് പുറത്താണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അതേസമയം രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.

ഫഹദിനെയും കേസിൽ നിന്ന് ഒഴിവാക്കി
ഫഹദ് ഫാസിൽ പിഴ അടച്ചതിനാൾ കേസിൽ നിന്ന് ഒഴിവാക്കി. എന്നാൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് നിലനിൽക്കും. വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്തി നേരത്തെ വിട്ടയച്ചിരുന്നു.

കൃഷി ഇടത്തിൽ പോകാൻ
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നേരത്തെ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സുരേഷ് ഗോപി പോണ്ടിച്ചേരിയിലെ വാടക ചീട്ടും, മറ്റു രേഖകളും ഹാജരാക്കി. പോണ്ടിച്ചേരിയിലെ കൃഷിയിടത്തിൽ പോകാനായിരുന്നു താൻ വാഹനം വാങ്ങിയതെന്നും, ആ സമയത്ത് പോണ്ടിച്ചേരിയിലായിരുന്നു താമസമെന്നും സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിൽ വ്യക്തമാക്കുകയായിരുന്നു.

നികുതി വെട്ടിച്ചത് ലക്ഷകണക്കിന് രൂപ
പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് ഗോപി വെട്ടിച്ചത്. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ക്രൈംബ്രാഞ്ച് സംഘം കേസെടുക്കുകയായിരുന്നു. ഇതേ സമയത്ത് തന്നെയാണ് അമലാപോളിനെതിയും ഫഹദ് ഫാസിലിനെതിരെയും കേസെടുത്തത്. നികുതി വെട്ടിക്കാന്‍ വ്യാജവിലാസത്തില്‍ ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു അമലാ പോളിനെതിരെ എടുത്തിരുന്ന കേസ്.

ആ വാദം തെറ്റ്
2009 മുതൽ പോണ്ടിച്ചേരിയിൽ താൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നായിരുന്നു സുരേഷ് ഗോപി കോടതിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ വർഷങ്ങളായി വീട്ടുടമസ്ഥൻ തന്നെയാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നതോടെ സുരേഷ് ഗോപി കുടുങ്ങി.

രേഖകളെല്ലാം വ്യാജം
പോണ്ടിച്ചേരി എല്ലൈപുള്ളി ചാവടിയിലെ കാർത്തിക് അപ്പാർട്ട്മെന്റ്സിൽ സി3എ ഫ്ലാറ്റിൽ 2009 മുതൽ താൻ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇത് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറും മുൻകൂർ ജാമ്യാപേക്ഷയോടൊപ്പം അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അതെക്കെ വ്യാജമണെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

മുൻകൂർ ജാമ്യം
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. എന്നാൽ ക്രൈം ബ്രാഞ്ച് സംഘം എഫ്ഐആർ രജിസ്റ്റർ ചെയ്തയുടൻ തന്നെ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുകയായിരുന്നു.

എല്ലാത്തിനും ഡീലർമാരുണ്ട്...
പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫ്ളാറ്റ് ടാക്സ്. 75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7ന്റെ ഏകദേശ വില. ഈ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന നികുതിയില്‍ നിന്നും ഒഴിവായി കിട്ടും. രജിസ്ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും. അതൊക്കെ ഡീലര്‍മാര്‍ ശരിയാക്കും. ഇതേ തന്ത്രം സുരേഷ് ഗോപിയും സ്വീകരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.