Puthuppally Result: പുതുപ്പള്ളിയില്‍ കളംനിറഞ്ഞത് അച്ചു ഉമ്മന്‍; ആവേശം വിതറി, പ്രതിരോധം തീര്‍ത്ത്...
കോട്ടയം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരില്‍ ഉയര്‍ന്നു കേട്ട പേരാണ് അച്ചു ഉമ്മന്റേത്. ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍ വാക്കുകള്‍ കൊണ്ടും സാന്നിധ്യം കൊണ്ടും ചാണ്ടി ഉമ്മന് ശക്തിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പരസ്യമായി പറയേണ്ടി വരുന്ന തരത്തില്‍, അച്ചു സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു.
ഉമ്മന്‍ ചാണ്ടിക്ക് ശേഷം തങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണ് എന്നാണ് അച്ചു തുറന്നുപറഞ്ഞത്. ഏറ്റവും ഒടുവില്‍ ചാണ്ടി ഉമ്മന്‍ മികച്ച വിജയം നേടിയ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും അച്ചുവിന്റെ വാക്കുകളാണ് ഹരം പകര്‍ന്നത്. ഇത് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന മറുപടിയാണെന്നും ചാണ്ടിയുടെ കൈകളില്‍ പുതുപ്പള്ളി ഭദ്രമാണെന്നും അവര്‍ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

കടുത്ത സൈബര്‍ ആക്രമണം നടന്നപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞ പേര് അച്ചുവിന്റേതായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോഴും ചാണ്ടി ഉമ്മന്‍ തളരുമെന്ന ഘട്ടം വന്നപ്പോഴും ശക്തമായ ശബ്ദമായി അച്ചു രംഗത്തെത്തി. പ്രചാരണ വേളയിലും അച്ചുവിന്റെ സാന്നിധ്യം അണികള്‍ക്ക് ആവേശം പകര്‍ന്നു.
വോട്ടെണ്ണുമ്പോള്‍ യാത്രയയപ്പിന്റെ ഇടിമുഴക്കമുണ്ടാകുമെന്ന അച്ചുവിന്റെ വാക്കുകളും ഏറെ ചര്‍ച്ചയായി. ചാണ്ടി ഉമ്മന്‍ 33000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്നതില്‍ അച്ചുവിന് സംശയമേയുണ്ടായിരുന്നില്ല. ഇതിനിടെയാണ് അച്ചുവിന്റെ വസ്ത്രങ്ങളും ചെരുപ്പും വരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇതിനും കൃത്യമായ മറുപടിയും നിയമ നടപടിയുമായി അച്ചു രംഗത്തെത്തി.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ മടങ്ങൂ എന്ന് നേരത്തെ അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അച്ചു പ്രവചിച്ച ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടുകയും ചെയ്തു. അച്ചു ഉമ്മനെ പാര്‍ട്ടി ചേര്‍ത്ത് പിടിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് സൈബര്‍ ഇഠങ്ങളില്‍ ഉയരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍ കുതിച്ചതോടെ ആ കുടുംബത്തോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹവും പ്രതീക്ഷയുമാണ് കാണാനായത്.
വോട്ട് പിടിക്കാനും അച്ചു നേരിട്ടിറങ്ങിയിരുന്നു. സഹോദരി മറിയ ഉമ്മന്റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. എങ്കിലും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയതും മാധ്യമങ്ങളില്‍ നിറഞ്ഞതും അച്ചുവാണ്. വോട്ടെണ്ണല്‍ തുടങ്ങിയ വേളയിലും അച്ചുവിന്റെ മുഖത്ത് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. ഒടുവില്‍ ജയം ഉറപ്പായതോടെ ശക്തമായ വാക്കുകളുമായി ശ്രദ്ധിക്കപ്പെട്ടതും അച്ചുവാണ്.
''ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നല്‍കിയ യാത്ര അയപ്പിനേക്കാള്‍ വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് നല്‍കിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ വേട്ടയാടി. മരിച്ചതിന് ശേഷവും അത് തുടര്‍ന്നു. വേട്ടയാടിയവര്‍ക്കുള്ള മുഖത്തേറ്റ കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയം. യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ ഇവിടെ മതിയെന്ന് പുതുപ്പള്ളിക്കാന്‍ പറഞ്ഞിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ഉള്ളംകൈയ്യില്‍ നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയ്യില്‍ ഭദ്രമാണ്''- അച്ചു ഉമ്മന്‍ ഫലം വന്ന ശേഷം പ്രതികരിച്ചത്.












Click it and Unblock the Notifications