Puthuppally Result: അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയേയും വെല്ലുന്ന കുതിപ്പുമായി ചാണ്ടി ഉമ്മൻ,വൻ ലീഡ്
കോട്ടയം: പുതുപ്പള്ളിയിൽ ആദ്യം വോട്ടുകൾ എണ്ണി തുടങ്ങിയ അയർകുന്നത് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വൻ ലീഡ്. യു ഡി എഫിന്റെ കോട്ടയായ ഇവിടെ കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതിനെക്കാൾ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. അയര്‍കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്.
പോസ്റ്റല്‍ വോട്ടിന് ശേഷമാണ് അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ഇവിടെ 28 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തവണ 8 ബൂത്തുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക്ക് സി തോമസിന് ലീഡ് ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇവിടങ്ങളിലെല്ലാം ജെയ്ക്ക് വിയർക്കുന്നതാണ് കാഴ്ച.

മണ്ഡലത്തിൽ പോസ്റ്റല്‍ വോട്ടായിരുന്നു ആദ്യം എണ്ണി തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളിൽ ഏഴ് വോട്ടുകൾ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുകൾ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. ഇതിന് ശേഷം അസന്നഹിത വോട്ടുകൾ എണ്ണിയപ്പോഴും ചാണ്ടി ഉമ്മന് തന്നെയായിരുന്നു ലീഡ്. 847 വോട്ടാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.
അതേസമയം അയർകുന്നത്തിന് ശേഷം അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി , മീനടം വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക. അയർകുന്നം എന്നത് യു ഡി എഫിന്റെ കുത്തക പ്രദേശമായതിനാൽ തന്നെ ഇത് യു ഡി എഫ് തരംഗമാണെന്ന് വിലയിരുത്താനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കണക്കുകളിലെ കുതിപ്പ് സഹതാപ തരംഗമാകാമെന്നും ഇവർ പറയുന്നു.
അതേസമയം അയർകുന്നത്ത് ലീഡ് നേടിയപ്പോൾ തന്നെ യുഡിഎഫ് കേന്ദ്രങ്ങൾ ആഘോഷവും തുടങ്ങി കഴിഞ്ഞു. ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടി വിജയിക്കുമെന്നതിന്റെ സൂചനയാണ് അയർകുന്നത്ത് കണ്ടതെന്ന് നേതാക്കൾ പറയുന്നു. വിജയ പ്രതീക്ഷ പങ്കുവെച്ച് നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. ഇടതുസർക്കാരിനെതിരായ ജനവിധിയാണ് പുതുപ്പള്ളിൽ കാണുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. എൽ ഡി എഫിന്റെ ആണിക്കല്ല് ഇളക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സർക്കാരിനുള്ള താക്കീതാണെന്ന് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം എൽ ഡി എഫ് തുടക്കം മുതൽ തന്നെ എൽ ഡി എഫ് പരാജയം അംഗീകരിച്ച് കഴിഞഅഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമായിരിക്കുമെന്നും. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു.












Click it and Unblock the Notifications