ജെയ്ക്ക് സി തോമസിന്റെ തോല്‍വിയുടെ കാരണങ്ങള്‍ പറഞ്ഞ് എംവി ഗോവിന്ദന്‍: സിപിഎം അടിത്തറ ഇളകിയോ?
കോട്ടയം: പുതുപ്പള്ളിയില്‍ ആഞ്ഞടിച്ചത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യു ഡി എഫ് വിജയം എല്‍ ഡി എഫ് അംഗീകരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപതരംഗം ഈ വിജയത്തില്‍ അടിസ്ഥാനമായിട്ടുണ്ടെന്നാണ് ഞങ്ങള്‍ കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 36673 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇത് 44505 വോട്ടുകളായി ഉയർന്നു. ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു അന്ന് സ്ഥാനാർത്ഥി. ഇപ്രാവശ്യം സഹതാപ തരംഗത്തിലും 42000 ത്തിലേറെ വോട്ടുകള്‍ നേടാന്‍ എല്‍ ഡി എഫിന് സാധിച്ചു. മുന്നണിയുടെ പുതുപ്പള്ളിയിലെ അടിത്തറയില്‍ കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ഈ ഫലം വ്യക്തമാക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു.

മത്സരത്തിനിടയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്. അത്തരം ഒരു ഉപതിരഞ്ഞെടുപ്പില്‍ സഹതാപം നല്ല രീതിയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് കാണാന്‍ സാധിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ 39484 വോട്ടാണ് അന്ന് സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നത്. ആ സാഹചര്യത്തില്‍ ഇപ്രാവശ്യം 42425 വോട്ട് നേടാന്‍ സാധിച്ചത് മികച്ച രീതിയിലുള്ള പ്രവർത്തനം കാരണമാണ്.
മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ടില്‍ വലിയ രീതിയിലുള്ള ചോർച്ചയുണ്ടായി. 19000 ത്തിലേറെ വോട്ടുകള്‍ ബി ജെ പിക്ക് പുതുപ്പള്ളിയിലുണ്ട്. അത് ആറായിരത്തിലേക്ക് എത്തി. വലിയ രീതിയിലുള്ള ചോർച്ചയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മികച്ച രീതിയില്‍ തന്നെ സംഘടന പ്രവർത്തനവുമായി മുന്നോട്ട് പോകും. ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാമത് തിരഞ്ഞെടുപ്പെന്നാണ് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞത്. അത് തന്നെയാണ് സത്യം. സഹതാപ തരംഗം ആ രീതിയില്‍ ആഞ്ഞടിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണെന്നായിരുന്നു വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം. അപ്പയെ പോലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 'ജനങ്ങളുടെ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുകയാണ്. എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഇത് അപ്പയുടെ 13ാം വിജയമായി ഞാൻ കണക്കാക്കുകയാണ്. ഇത് അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. പുതുപ്പള്ളിക്കാർ എന്നിൽ ഏൽപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഞാൻ ഭംഗം വരുത്തില്ല.' ചാണ്ടി ഉമ്മന്‍ പറഞ്ഞു












Click it and Unblock the Notifications