ഞങ്ങള്‍ വാതില്‍ അടച്ചു; വിലപേശലില്‍ വഴങ്ങില്ല, അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ വിഡി സതീശന്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന വേളയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പിവി അന്‍വറിന്റെ യുഡിഎഫിലേക്കുള്ള വരവിന് നേരിയ സാധ്യത സൂചിപ്പിച്ചിരുന്നു. വാതില്‍ അടച്ചെങ്കിലും തുറക്കാന്‍ താക്കോലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ യുഡിഎഫിന് ഒപ്പം നില്‍ക്കേണ്ടിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിഡി സതീശന്‍ ഇന്ന് വിഷയത്തില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയാകുകയാണ്.
അന്‍വര്‍ വിഷയത്തില്‍ ആ വാതില്‍ ഞങ്ങള്‍ അടച്ചു എന്നാണ് സതീശന്‍ പറഞ്ഞത്. ഇപ്പോള്‍ ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നില്ലെന്നും വിലപേശലിന് മുന്നില്‍ കീഴടങ്ങാനാകില്ലെന്നും സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 20000ത്തോളം വോട്ട് ഒറ്റയ്ക്ക് മല്‍സരിച്ച് നേടിയ അന്‍വറിനെ അകറ്റുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് സതീശന്റെ പ്രതികരണം.

അന്‍വര്‍ വിഷയത്തില്‍ ആ വാതില്‍ അടയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുന്നണിയിലെ എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനമാണ്. ഞാന്‍ പുറത്തുപറഞ്ഞു എന്ന് മാത്രം. പിന്നീട് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. താല്‍ക്കാലിക ലാഭത്തിന് വേണ്ടി വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാന്‍ സാധിക്കില്ലെന്നും അത് ചെയ്താല്‍ എപ്പോഴും വഴങ്ങേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഞങ്ങള്‍ അന്‍വറിനെ ചവിട്ടിപ്പുറത്താക്കിയതല്ല. എന്നെ കുറിച്ച് എന്തൊക്കെ പറഞ്ഞു. മറ്റൊരാളെ കൊണ്ട് എനിക്ക് മറുപടി പറയിക്കാമായിരുന്നു. ചെയ്തില്ല. അങ്ങനെ ചെയ്താല്‍ യുഡിഎഫ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥ വരും. ആരുടെ മുന്നിലും കീഴടങ്ങില്ല. യുഡിഎഫ് ഉണ്ടാക്കിയത് പ്രമുഖരായ നേതാക്കളാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരില്ലേ. അവരുടെ മാനം ആരുടെ കാലിലും അടിയറവെക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിപുലീകരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് ലക്ഷ്യം. 100 സീറ്റ് നേടി അധികാരത്തിലെത്തലാണ് ലക്ഷ്യം. ടീം യുഡിഎഫിന്റെ വിജയമാണ് നിലമ്പൂരില്‍ കണ്ടത്. ഒരാള്‍ക്ക് ഒന്നും സാധിക്കില്ല. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ചപ്പോഴാണ് വിജയം ലഭിച്ചതെന്നും സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞത്- അന്‍വറിനെ ഇനി കൂടെ ചേര്‍ക്കുമോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ആരുടെ മുന്നിലും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി വിമര്‍ശിക്കുകയാണ് അന്‍വര്‍ ചെയ്തത്. വാതില്‍ അടച്ചാലും താക്കോലുണ്ടല്ലോ, ആവശ്യമുണ്ടെങ്കില്‍ തുറക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആഭ്യന്തര വകുപ്പിലെ വീഴ്ചകള്‍ പരസ്യമായി ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതും എംഎല്‍എ പദവി രാജിവച്ചതും. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. മറ്റു പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ അന്‍വറിനൊപ്പം ചേര്‍ന്നിരുന്നു. ചില പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകാന്‍ അന്‍വറിന്റെ നീക്കങ്ങള്‍ കാരണമാകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications