കേരളത്തിന് ഖത്തര്‍ അമീറിന്‍റെ വക 35 കോടി! 7.06 കോടി രൂപയുടെ അധിക സഹായം ലക്ഷ്യമിട്ട് ഖത്തര്‍ ചാരിറ്റി

മഹാപ്രളയത്തില്‍ എല്ലാം നഷ്ടമായ കേരളത്തിന് കൈത്താങ്ങുമായി ഖത്തര്‍. മഹാപ്രളയത്തില്‍ പത്തായിരം കോടിയ്ക്ക് മുകളിലാണ് കേരളത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ 400 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അന്‍പതിനായിരത്തോളം വരുന്ന ദുരിതാശ്വാസ കാമ്പില്‍ ലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.
അടിയന്തര സഹായമായി കേരളത്തിന് 2000 കോടി അനുവദിക്കണമെന്ന ആവശ്യമായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രളയം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രിയാകട്ടെ അടിയന്തര സഹായമായി പ്രഖ്യാപിച്ചത് 500 കോടി മാത്രമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് മലയാളി മക്കള്‍ക്ക് കോടികള്‍ സഹായം ചെയ്ത് ഖത്തര്‍ അമീര്‍ എത്തിയത്.

കോടികള്‍ വീശി
പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടുയുള്ള കാര്യങ്ങള്‍ക്ക് 35 കോടി രൂപയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി പ്രഖ്യാപിച്ചത്.
കേരളത്തിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രത്യേക കാമ്പെയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചിട്ടുണ്ട്.

പ്രത്യേക ചാരിറ്റി കാമ്പെയ്ന്‍
ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്‍റേറ്റീവ് ഓഫീസ് മുഖേന ആദ്യഘട്ടത്തില്‍ അഞ്ചു ലക്ഷം റിയാലിന്‍റെ സഹായപ്രവര്‍ത്തനങ്ങള്‍ക്കാണ് നടത്തുക. മഹാപ്രളയത്തില്‍ പെട്ട് ജീവിതവും ജീവനും ഇല്ലാതായവര്‍ക്ക് വേണ്ടി പ്രത്യേക സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 60,000 പേര്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ലക്ഷ്യം. പ്രളയത്തില്‍ പെട്ടവര്‍ക്കെല്ലാം ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ചാരിറ്റി
7.06 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കേരള ഫ്ളഡ് റിലീഫ് എന്ന പേരില്‍ തുടങ്ങിയ ക്യാമ്പെയ്നിലേക്ക് പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സംഭാവന ചെയ്യാം. പ്രധാനമായും രക്ഷാകേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ ഭക്ഷണേതര സാധനങ്ങള്‍ എത്തിക്കുക, മെഡിക്കല്‍ സഹായം, എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സഹായം നല്‍കാന്‍ സാധിക്കുക.

സംഭാവനകള്‍
ഖത്തര്‍ ചാരിറ്റി വെബ്സൈറ്റിലെ കേരള ഫ്ളഡ് റിലീഫ് പേജില്‍ ഷെല്‍ട്ടര്‍ വിഭാഗത്തില്‍ 500 റിയാല്‍ മുതല്‍ സംഭാവന നല്‍കാന്‍ സൗകര്യമുണ്ട്. പൊതുവായ സംഭാവനകള്‍ വിഭാഗത്തില്‍ 10, 50, 100, 500, 1000 റിയാല്‍ മുതലും മരുന്നുവിതരണ വിഭാഗത്തില്‍ 500 റിയാല്‍ മുതലും ഭക്ഷ്യവിഭാഗത്തില്‍ 100 റിയാല്‍,ഭക്ഷ്യേതര വിഭാഗത്തില്‍ 150 റിയാല്‍ മുതലും സംഭാവന നല്‍കാം. മൊബൈല്‍ എസ്എംഎസ് മുഖേനയും സംഭാവന നല്‍കാം.
|
സഹായ വാഗാദാനവുമായി യുഎഇയും
കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഉത്തരവാദിത്തമുണ്ട്
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.

ചോദിച്ചതിന്‍റെ നാലിലൊന്ന്
കേരളത്തിന് പലരും സഹായവുമായി രംഗത്തെത്തുമ്പോഴും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള അവഗണനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ് ദിവസം കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇടക്കാല ആശ്വാസമായി 500 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചത്.

ദേശീയ ദുരന്തമല്ലേ?
അടിയന്തര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി രൂപയായിരുന്നു. എന്നാല്‍ ചോദിച്ചതിന്‍റെ നാലില്‍ ഒന്ന് മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഇതുവരേയും കേരളത്തിന്‍റെ പ്രാണനെടുത്ത മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനെതിരേയും പ്രതിഷേധം ഉയരുകയാണ്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.