റോഡ് പണി സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വെക്കാത്തത് ചോദ്യം ചെയ്തു; യുവാക്കളുടെ ദേഹത്ത് ടാർ ഒഴിച്ചു
എറണാകുളം: റോഡ് പണി സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വെക്കാത്തത് ചോദ്യം ചെയ്തതിന് യുവാക്കളുടെ ദേഹത്ത് നിർമാണ തൊഴിലാളി ടാർ ഒഴിച്ചതായി പരാതി. എറണാകുളം ചെലവന്നൂർ റോഡിലാണ് സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളലേറ്റു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്.
വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. അറ്റകുറ്റപണി നടക്കുന്ന സ്ഥലത്ത് കൂടി കാറിൽ ആയിരുന്നു യുവാക്കൾ വന്നത്. ഇവിടെ വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ടാണ് കാറിൽ നിന്ന് യുവാക്കളിൽ ഒരാൾ പുറത്തിറങ്ങിയത്. ടാർ ഇടുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡ് വെക്കാൻ പാടില്ലേയെന്ന് ചോദിച്ചതോടെയാണ് തർക്കം ഉണ്ടായത്.

തുടർന്ന് നടന്ന വാക്കേറ്റത്തിനിടയിലാണ് തൊഴിലാളികൾ തങ്ങളുടെ ദേഹത്തേക്ക് ടാർ ഒഴിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ആദ്യം വിനോദിന് ദേഹത്തേക്കായിരുന്നു ടാർ ഒഴിച്ചത്. ഇത് കണ്ട് ഓടിവന്ന മറ്റ് പേരുടെ ദേഹത്തും ടാർ ഒഴിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ഓടിപ്പോകുകയായിരുന്നത്രേ.
ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കരാറുകാർ പോലും തർക്കത്തിൽ ഇടപെട്ടില്ലെന്നും യുവാക്കൾ ആരോപിച്ചു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ വിനോദിന് ഗുരുതര പരിക്കാണ് ഉള്ളതെന്നാണ് വിവരം. ഇയാളുടെ രണ്ട് കൈകളും പൊള്ളിയിട്ടുണ്ട്. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications