'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
ഇതിനെയാണ് രാഹുൽ ഈശ്വർ കടുത്ത ഭാഷയിൽ വിമർശിച്ചത്. നേരത്തെയും പല ഘട്ടത്തിലും രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടുള്ള രാഹുൽ ഈശ്വർ പ്രധാനമന്ത്രിയെ പോലും ഇക്കാര്യത്തിൽ വിമർശിക്കുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തരം പരാമർശങ്ങൾ ആ പദവിയുടെ വില കുറയ്‌ക്കുന്നതാണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്.

കീഴ്കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് അനുകൂലമായ ഉത്തരവാണ് ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ ഭേദമന്യേ പാലക്കാട്ടെ ജനങ്ങൾ രാഹുലിന് ഒപ്പമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു. രാഷ്ട്രീയം കൊണ്ടല്ല, അനീതി നേരിട്ട് ചവിട്ടി താഴ്ത്തപ്പെട്ടവനായത് കൊണ്ടാണ് അതെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.
രാഹുൽ ഈശ്വറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
രാഹുലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദിജി-- ആദരണീയനായ പ്രധാമന്ത്രി മോദിജി ഇത്തരം വാദങ്ങൾ അങ്ങേക്ക് ക്ഷീണവും, പ്രധാനമന്ത്രി പദത്തിന്റെ വില കുറക്കുന്നതുമാണ്. താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്.
രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പം ആണ്. (രാഷ്ട്രീയം കൊണ്ടല്ല, അനീതി നേരിട്ട് ചവിട്ടിതാഴ്ത്തപ്പെട്ടവനായത് കൊണ്ട്). ദയവായി ഈ "അന്തം കമ്മി ഫെമിനാസി 'സ്ത്രീപക്ഷ നാടക' വാദങ്ങൾ" താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതെ..
അതേസമയം, എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും നരേന്ദ്ര മോദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്.
പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പ്രധാനമന്ത്രിക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ കായിക താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്രംഗ് പുനിയയും തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങൾക്കും, ഒരുകാലത്ത് മോദിയുടെ കടുത്ത അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്കും പ്രധാനമന്ത്രി മറുപടി നൽകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ഇതോടെ വിഷയത്തിൽ ചർച്ചകൾ കാര്യമായി തന്നെ ചൂടുപിടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications