പുറത്തിറങ്ങിയാലുള്ള പ്രത്യാഘാതം കണക്കിലെടുക്കണം; ജയിലില്‍ കിടക്കട്ടെയെന്ന് കോടതി: നിരാഹാരം അവസാനിപ്പിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജയിലില്‍ തന്നെ കഴിയട്ടെ എന്നായിരുന്നു കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്.
അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായപ്പോഴാണ് രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം ആരംഭിച്ചത്. രാഹുലിന്റെ പ്രവര്‍ത്തി സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം കണക്കിലെടുക്കണമെന്നും പ്രതി ജയിലില്‍ തന്നെ കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
രാഹുലിനെതിരേ കടുത്ത പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. രാഹുല്‍ ഈശ്വര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തു എന്നാണ് കോടതി വിധിയില്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ താന്‍ എഫ്‌ഐആറിലെ പരാമര്‍ശങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളി.

നിരാഹാരം പൊലീസിനെ സമ്മര്‍ദത്തിലാക്കാന്‍ ആണെന്നും ഇത് മറ്റുള്ള തടവുകാരും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലില്‍ കഴിയുമ്പോള്‍ പോലും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അതിജീവിതയെ അവഹേളിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കോടതിക്കു കൈമാറി. ഈ സാഹചര്യത്തില്‍ രാഹുലിനെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ ജയിലില്‍ തന്നെ കിടക്കട്ടെ എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
കോടതി വിമര്‍ശനത്തിന് പിന്നാലെ നിരാഹാരം അവസാനിപ്പിച്ച രാഹുല്‍ ഭക്ഷണം വേണമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ കഴിയുന്നത്.
രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതി അറിയിച്ചിരുന്നു. അതുകൊണ്ട് രണ്ട് ദിവസം കൂടി കസ്റ്റഡി നീട്ടാനുള്ള അപേക്ഷയുമായി പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. നേരത്തെ അതിജീവിതയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പോസ്റ്റുകളെല്ലാം നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയും സമ്മതിച്ചിരുന്നു.












Click it and Unblock the Notifications