സെമികേഡറിൽ ഉറച്ച് സുധാകരൻ; പ്രശ്നപരിഹാരത്തിന് രാഹുൽ; 'ഇടഞ്ഞ'വരെ അനുനയിപ്പിക്കാൻ തന്ത്രങ്ങൾ!
തിരുവനന്തപുരം/ കോഴിക്കോട്: പ്രശ്നങ്ങളും തർക്കങ്ങളും കൊണ്ട് കലങ്ങി മറിഞ്ഞിരിക്കുന്ന സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ രാഹുൽഗാന്ധി നേരിട്ടെത്തി. രാവിലെ കോഴിക്കോടെത്തിയ രാഹുലുമായി കടവ് റിസോർട്ടിൽ വച്ച് വിഡി സതീശനും കെ സുധാകരനും കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളുടെ പ്രശ്നപരിഹാരത്തിന് സംസ്ഥാന നേതാക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് രാഹുൽഗാന്ധിയുടെ നിർദേശം.
അതേസമയം, മുല്ലപ്പള്ളിയുടെയും സുധീരൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സെമികേഡർ രീതിയുമായി തന്നെ മുന്നോട്ടു പോകുമെന്നും കെ സുധാകരൻ പറഞ്ഞു. നേതാക്കളുടെ പ്രശ്നങ്ങൾ ഹൈക്കമാൻഡ് കൈകാര്യം ചെയ്യുന്നു. അണികൾ തനിക്കൊപ്പമാണ്. പുതിയ സംവിധാനത്തെ അണികൾ സ്വീകരിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് പറയുന്നതു കൂടി കേട്ട് എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകുമെന്നും സുധാകരൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആഭ്യന്തരപ്രശ്നങ്ങളാൽ കലങ്ങിമറിഞ്ഞിരിക്കുന്ന സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങൾ കൂടുതൽ സങ്കീർണമായി വലിയ പൊട്ടിത്തെറിയിലേക്ക് കടക്കാതിരിക്കാനാണ് അനുനയശ്രമവുമായി രാഹുൽ ഗാന്ധി തന്നെ നേരിട്ടെത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് രാഹുൽ വി ഡി സതീശനും കെ സുധാകരനുമടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

മുല്ലപ്പള്ളിയുടെയും സുധീരൻ്റെയും അടക്കമുള്ള മുതിർന്ന നേതാക്കളുടെ പ്രശ്നപരിഹാരത്തിന് കെപിസിസി നേതൃത്വം തന്നെ നേരിട്ടിടപ്പെടണമെന്നാണ് രാഹുൽഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്. വിഷയത്തിൽ ഇന്ന് രാത്രി വീണ്ടും കൂടിക്കാഴ്ച നടക്കും. എ ഐ ഗ്രൂപ്പുകളെ ഒറ്റക്കെട്ടായി കൊണ്ടുപോകുകയെന്ന ലക്ഷ്യമാണ് ഹൈക്കമാൻഡിനുള്ളത്.

പരസ്യമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ ഒപ്പംകൂട്ടി അവരെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് പ്രശ്നങ്ങൾ പരമാവധി പരിഹരിക്കാനാണ് നീക്കം. ഒത്തുതീർപ്പ് ഫോർമുലയിലൂടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പാർട്ടിയോടടുപ്പിച്ച് നിർത്താൻ കൂടിയാണ് രാഹുൽ കോഴിക്കോടെത്തിയത്. ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവെച്ചതിന് പിന്നാലെ എഐസിസി അംഗത്വവും ഒഴിഞ്ഞിരുന്നു. ഇത് നേതാക്കൾക്കിടയിൽ തന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പുതിയ നേതാക്കളുടെ ഏകാധിപത്യശൈലിയിലും തെറ്റായ പ്രവർത്തനരീതിയിലും കെപിസിസി നേതൃത്വത്തിനടക്കം മുതിർന്ന നേതാക്കളിൽ നിന്ന് പോലും വിമർശനങ്ങൾ കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് രാഹുലിൻ്റെ സന്ദർശനമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട്.

രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയുള്ള പ്രവർത്തനങ്ങളാണ് പുതിയ നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന സുധീരൻ്റെ വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സുധീരനെ കാണാനെത്തിയ പ്രതിപക്ഷ നേതാവിനോടും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടും അദ്ദേഹം രാജിയിൽ നിന്ന് വിട്ടുവീഴ്ചയ്ക്കില്ലന്ന് നിലപാടുമെടുത്തിരുന്നു. ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണെന്നും തെറ്റായ ശൈലി തിരുത്തിയില്ലെങ്കിൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെപിസിസി പുനസംഘടന പട്ടികയുമായി സെപ്റ്റംബർ 30 ന് ദില്ലിയിലേക്ക് പോകാൻ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തയ്യാറെടുത്തിരുന്നു. പക്ഷേ, പരസ്യമായി നേതൃത്വത്തിനുള്ളിൽ രൂപപ്പെടുന്ന 'അടിപിടി' അവസാനിക്കാത്ത പശ്ചാത്തലത്തിൽ ദില്ലി കൂടിക്കാഴ്ചയിൽ കാര്യമില്ലെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിനുള്ളത്. പുതിയ നേതൃത്വം കൊണ്ടുവന്ന സെമി കേഡർ ശൈലിയെ വിമർശിച്ച് സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നതും ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്.

എന്നാൽ, കോൺഗ്രസ് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായതിനാൽ സംഘടനാ ശൈലി പ്രകാരം വിമർശനങ്ങൾ ഉണ്ടാകുമ്പോൾ മുതിർന്ന നേതാക്കൾ പോലും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്താറുണ്ട്. സെമി കേഡർ ശൈലിയിലേക്ക് മാറുമ്പോൾ സംഘടനാ നടപ്പു രീതിയിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പെട്ടെന്ന് പുതിയ അച്ചടക്കസമിതിയൊക്കെ പാർട്ടിയിൽ രൂപപ്പെടുത്തിയാൽ കോൺഗ്രസിന് അത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലും പല നേതാക്കൾക്കുമുണ്ട്.

മെസി കേഡർ സംവിധാനം നടപ്പിലാക്കണമെന്നാണ് വിഡി സതീശനും കെ സുധാകരനും ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇതിന് തെളിവായി കെ സുധാകരനും വി ഡി സതീശനും പറയുന്നതാകട്ടെ ഡിസിസി അധ്യക്ഷൻമാരുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ഒരു ജില്ലയിലും തമ്മിൽത്തല്ലും കലഹവും ഉണ്ടായില്ലെന്ന കാര്യമാണ്.

ഇതിൽ തങ്ങൾ വിജയിച്ചിരിക്കുകയാണെന്ന അവകാശവാദവും അവർ ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. പുതിയ അച്ചടക്ക രീതി പാർട്ടിയിൽ കൊണ്ടു വന്നതുകൊണ്ടാണ് കടുത്ത പ്രശ്നങ്ങൾ ഉണ്ടാകാത്തതെന്നാണ് കെപിസിസി നേതൃത്യം ഇതിന് ചൂണ്ടിക്കാണിക്കുന്ന മറുചോദ്യം.

അതേസമയം, മുതിർന്ന നേതാക്കളെ കേൾക്കാതെ ഒരു വിഭാഗം തമ്മിൽ കൂടിയാലോചന നടത്തി മാത്രം തീരുമാനങ്ങളെടുക്കുന്നതിനെയാണ് മുല്ലപ്പള്ളിയും വി എം സുധീരനും അടക്കമുള്ളവർ വിമർശിക്കുന്നത്. കോൺഗ്രസിൻ്റെ സെമി കേഡർ സംവിധാനം പാർട്ടിക്ക് തിരിച്ചടിയാകുമെന്നും എ ഐ ഗ്രൂപ്പുകളെ ഒന്നിച്ചു നിർത്തി ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

എന്നാൽ, രാവിലെ നടന്ന രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട സുധാകരൻ സെമികേഡർ സംവിധാനത്തിൽ കെപിസിസി നേതൃത്വം ഉറച്ചുനിൽക്കുന്നതായാണ് വ്യക്തമാക്കിയത്. നേതാക്കളുടെ പ്രശ്നങ്ങൾ ഹൈക്കമാൻഡ് പരിഹരിക്കും. മുല്ലപ്പള്ളിയുടെയും സുധീരൻ്റെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് തന്നെയാണ് താല്പര്യമെന്നും സുധാകരൻ പറഞ്ഞു.

പുതിയ സംവിധാനത്തെ അണികൾ സ്വീകരിച്ചു. കോൺഗ്രസിൻ്റെ പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ അടിത്തട്ടിലെ പുനഃസംഘടനയെ സിപിഎം ഭയക്കുന്നുവെന്ന് പറഞ്ഞ സുധാകരൻ രാഷ്ട്രീയമായി പാർട്ടിയെ നശിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും കുറ്റപ്പെടുത്തി.
അതിനിടെ, രാവിലെയുള്ള ചർച്ചകൾ പൂർത്തിയാക്കി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽഗാന്ധി മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ കോഴിക്കോട് തിരിച്ചെത്തിയ ശേഷം കോൺഗ്രസിലെ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യത്തിൽ വീണ്ടും രാത്രി തുടർചർച്ചകളും കൂടിക്കാഴ്ചകളും നടക്കും.

ഇന്ന് രാത്രി കോഴിക്കോട് കടവ് റിസോർട്ടിൽ തങ്ങുന്ന രാഹുൽ നാളെ രാവിലെ ഒൻപതരയ്ക്ക് ദില്ലിക്ക് മടങ്ങും. പ്രശ്നങ്ങൾ പരമാവധി വേഗത്തിൽ അവസാനിപ്പിക്കാനാണ് ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് താരിഖ് അൻവറിന് പിന്നാലെ രാഹുലുമെത്തി തിരക്കിട്ട ചർച്ചകൾ നടത്തുന്നത്.












Click it and Unblock the Notifications