'അറസ്റ്റ് വാറണ്ട് വന്നപ്പോള്‍ ഓടി, നട്ടെല്ലുണ്ടെങ്കിൽ കീഴടങ്ങണം', രാഹുലിനെതിരെ ആഞ്ഞടിച്ച് ഷമ മുഹമ്മദ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നിലപാട് പരസ്യമാക്കി കോൺഗ്രസിലെ വനിതാ നേതാക്കൾ. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഷമ മുഹമ്മദ് അടക്കമുളള നേതാക്കളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
'' കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ പോലെ അല്ല, സിപിഎമ്മിനെയോ ബിജെപിയേയോ പോലെയല്ല. ഞങ്ങള്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ടായിരുന്നു. ഈ ആരോപണം ആദ്യം വന്നപ്പോള്‍, ഒരു പോലീസ് എഫ്‌ഐആര്‍ പോലും ഇല്ലാതിരുന്ന സമയത്ത് ഞങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. അത്തരത്തില്‍ പാര്‍ട്ടി നടപടിയെടുത്തു. ശക്തമായ നടപടിയെടുത്തില്ലെന്ന് ആര്‍ക്കും പറയാനാകില്ല, ഷമ മുഹമ്മദ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

''രണ്ടാമത്തെ പരാതി വന്നപ്പോള്‍ കെപിസിസി പ്രസിഡണ്ട് അത് ഡിജിപിക്ക് കൈമാറി. അത്തരത്തില്‍ എല്ലാവിധ നടപടിയും പാര്‍ട്ടി എടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ വിഷയം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ നിരപരാധിയാണ്, എഫ്‌ഐആര്‍ ഇടട്ടെ, ഞാന്‍ ഇവിടെ തന്നെ ഉണ്ട്, എന്നെ ചോദ്യം ചെയ്യട്ടെ എന്ന്.
പക്ഷേ പോലീസിന്റെ അറസ്റ്റ് വാറണ്ട് വന്നപ്പോള്‍ അദ്ദേഹം ഒളിവില്‍ പോയി. നട്ടെല്ലും നിലപാടും ഉളള നേതാവാണെങ്കില്‍ അദ്ദേഹം പുറത്ത് വന്ന് കീഴടങ്ങണം. പോലീസ് ചോദ്യം ചെയ്യട്ടെ. അങ്ങനെയാണ് നട്ടെല്ലുളളവര്‍ ചെയ്യേണ്ടത്. പക്ഷേ അദ്ദേഹം അത് ചെയ്യാതെ ഓടി. അത് പാര്‍ട്ടിക്ക് വലിയ പ്രശ്‌നമാകുന്നുണ്ട്. പാര്‍ട്ടിയെ വല്ലാതെ ഈ പ്രശ്‌നങ്ങള്‍ താഴ്ത്തുന്നു. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കാന്‍ സമയമായി.
ഒരു സൈബര്‍ ആക്രമണത്തേയും പേടിയില്ല. അവര്‍ ചെയ്യുന്നത് തെറ്റാണ്. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതും പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയതും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്നെടുത്ത തീരുമാനമാണ്. അത് എല്ലാവരും പാലിക്കണം'', ഷമ മുഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications