നാട്ടുകാര്‍ക്ക് തലവേദന; രാഹുല്‍ ഉടന്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍, മറുപടി ഇങ്ങനെ..
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഫ്‌ളാറ്റ് ഒഴിയണം എന്ന് അസോസിയേഷന്‍. പാലക്കാട് രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയണം എന്നാണ് നിര്‍ദേശം. രാഹുലിനെതിരായ കേസുകളും മറ്റും കാരണം മറ്റ് ഫ്‌ളാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്ളാറ്റ് ഉടന്‍ ഒഴിയണമെന്നാണ് അസോസിയേഷന്‍ രാഹുലിന് അയച്ച നോട്ടീസ്.
ഈ മാസം 25 നകം ഒഴിയണമെന്നാണ് അസോസിയേഷന്റെ നിര്‍ദേശം. ഉടന്‍ ഫ്‌ളാറ്റ് ഒഴിയാം എന്ന് രാഹുലും അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗക്കേസിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ രാഹുല്‍ ഇന്നലെ 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കുന്നത്തൂര്‍മേട്ടിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വോട്ട് രേഖപ്പെടുത്തിയത്.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നിങ്ങനെ രണ്ട് കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉള്ളത്. രണ്ട് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ പാലക്കാട് തുടരുന്ന രാഹുല്‍, മണ്ഡലത്തില്‍ സജീവമാകാനാണ് തീരുമാനം. അതേസമയം രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും ക്ഷീണമായിട്ടുണ്ട്.
രാഹുലിനെ കോണ്‍ഗ്രസ് നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ നേതാവിനെ പാലക്കാട്ടെ പ്രാദേശിക നേതാക്കള്‍ സ്വീകരിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ഇന്നലെ രാഹുല്‍ നേരില്‍ കണ്ടു. മാത്രമല്ല ഇന്നലെ രാഹുല്‍ എംഎല്‍എ ഓഫീസിലും എത്തിയിരുന്നു.
അതിനിടെ ഇന്ന് രാഹുല്‍ സ്വന്തം നാടായ അടൂരിലേക്ക് പോകും എന്നാണ് വിവരം. അതേസമയം രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞത് എട്ട് ഇടങ്ങളിലാണ് എന്നാണ് വിവരം. ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു, ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളില്‍ രാഹുല്‍ ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായവും കോണ്‍ഗ്രസിന് ലഭിച്ചു. ഒരു സ്ഥലത്ത് പരമാവധി കഴിഞ്ഞത് അഞ്ച് മണിക്കൂര്‍ മാത്രം തങ്ങിയായിരുന്നു രാഹുലിന്റെ ഒളിവുജീവിതം. അതേസമയം രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. രാഹുലിന് എതിരായ തെളിവുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
എസ്‌ഐടി ചുമത്തിയ രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒന്നിടവിട്ട തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications