രാഹുലിനെതിരെ വീണ്ടും പരാതി.. 'എന്റെ അസാന്നിധ്യം രാഹുല്‍ അവസരമാക്കി'; അതിജീവിതയുടെ ഭര്‍ത്താവ്
പാലക്കാട്: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. തന്റെ കുടുംബ ജീവിതം തകര്‍ത്തത് രാഹുലാണ് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരിക്കുകയാണ് രാഹുലിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ്. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു എന്നും തന്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചു എന്നുമാണ് ഭര്‍ത്താവ് പറയുന്നത്. അച്ഛനും അമ്മയുടെയും ഏക മകനായതിനാലാണ് അവരുടെ കാര്യങ്ങള്‍ നോക്കാനായി പാലക്കാട്ടേക്ക് വന്ന് താമസിക്കേണ്ട സാഹചര്യമുണ്ടായത് എന്നും താനും ഭാര്യയും തമ്മിലുള്ള ചെറിയ സൗന്ദര്യപിണക്കങ്ങള്‍ പോലും രാഹുല്‍ മുതലെടുക്കുകയായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു.

' യഥാര്‍ത്ഥ ഇര ഞാനാണ്. എന്റെ ദാമ്പത്യ ജീവിതം നശിപ്പിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത്. യുവതി വിവാഹിതയാണെന്ന് രാഹുലിന് അറിയാമായിരുന്നു. എന്നിട്ടും പ്രതിയുടെ ലൈംഗിക താല്‍പര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത്. മനഃപ്പൂര്‍വ്വം തന്റെ കുടുംബ ജീവിതം തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്,' പരാതിക്കാരന്‍ പറയുന്നു.
ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭര്‍ത്താവ് ചോദിക്കുന്നു. രാഹുലിന്റെ വാദങ്ങളെല്ലാം യുവതിയുടെ ഭര്‍ത്താവ് തള്ളിക്കളയുന്നുണ്ട്. തനിക്കും കുടുംബത്തിനുമുണ്ടായ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ടുവന്നത്.
ഇനി ആരും ഇത് ആവര്‍ത്തിക്കാതിരിക്കാനും തനിക്കുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും യുവതിക്കുണ്ടായ മോശം അനുഭവത്തിന്മേലും പ്രതിക്കെതിരെ നടപടി സ്വീകരിക്കണം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 84 പ്രകാരം കുറ്റം ചെയ്തതിന് തെളിവുള്ളതിനാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നും പരാതിക്കാരന്‍ പറയുന്നുണ്ട്. രാഹുലിനെതിരെ രണ്ട് സ്ത്രീകളാണ് പരാതിയുമായി എത്തിയത്.
രാഹുലിനെതിരെ ഗര്‍ഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിക്ക് ഭര്‍ത്താവുമായുളള ബന്ധം ഉലഞ്ഞുനില്‍ക്കെ അത് പരിഹരിക്കാനാണ് താന്‍ ഇടപെട്ടതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍ താന്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുല്‍ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് പരാതിക്കാരന്റെ പ്രതികരണം.
പ്രസ്തുത യുവതി നല്‍കിയ പരാതിയിലും മറ്റൊരു യുവതി നല്‍കിയ പരാതിയിലും രാഹുല്‍ മാങ്കൂട്ടത്തിലിന് നേരത്തേ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് രാഹുല്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് രംഗത്തെത്തിയത്. ഇന്നലെ മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയില്‍ രാഹുല്‍ എത്തിയിരുന്നു. അതേസമയം സത്യം ജയിക്കുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നുമാണ് രാഹുലിന്റെ പ്രതികരണം.












Click it and Unblock the Notifications