രാഹുലിനെ പിൻഗാമിയാക്കാൻ ഷാഫി; യൂത്ത് കോൺഗ്രസിൽ അധ്യക്ഷ ചർച്ച സജീവം
യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ തകൃതി. സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിൽ സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ പേരുകൾ ചർച്ചയാകുന്നത്.
രണ്ടര വർഷം മുൻപാണ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. മേയ് മാസത്തെ സംസ്ഥാന സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നാണ് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം രൂക്ഷമായ ഭാഷയിൽ തന്നെ ഷാഫിക്കെതിരെ രംഗത്തെത്തിയിരുന്നു. ഷാഫി നടത്തുന്നത് വെറും ഷോ മാത്രമാണെന്നും കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുമ്പോൾ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഷാഫി രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രായപരിധി കഴിഞ്ഞു എന്നും അടുത്ത ടേമില്‍ സംഘടനാ ചുമതലയില്‍ ഉണ്ടാവില്ല എന്നും ആയിരുന്നു ഷാഫി വ്യക്തമാക്കിയത്. അതേസമയം തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തലിനെ അധ്യക്ഷനാക്കാനുള്ള ചരടുവലികൾ ഷാഫി നടത്തുന്നുണ്ടെന്നാണ് സൂചന. കോൺഗ്രസ് യുവ നേതാക്കൾക്കിടയിൽ പ്രമുഖനാണ് രാഹുൽ. കോൺഗ്രസിന്റെ ചാനൽ മുഖം കൂടിയാണ് ഈ യുവ നേതാവ്.

ചാനൽ ചർച്ചകളിൽ തിളങ്ങുന്ന, പാർട്ടിയെ പ്രതിരോധിക്കാൻ സാധിക്കുന്ന ശക്തനായ നേതാവ് തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തട്ടെയെന്നതാണ് രാഹുലിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം സംഘടനയിൽ പ്രവൃത്തി പരിചയമുള്ള നേതാക്കളെ നിയമിക്കണമെന്ന ആവശ്യമാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ എസ് അഖിലിനെയാണ് മറ്റൊരു വിഭാഗം ഉയർത്തിക്കാട്ടുന്നത്.

ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ എ ഗ്രൂപ്പാണ് അഖിലിന് വേണ്ടി വാദിക്കുന്നത്. സംഘടനയിലെ അനുഭവ സമ്പത്ത് തന്നെയാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പല പദവികളും അവസാന നിമിഷം തട്ടിത്തെറിപ്പിക്കപ്പെട്ട് പോയ ചരിത്രവും അഖിലിനുണ്ട്. ഇക്കുറി അതുകൊണ്ട് തന്നെ അഖിലിനെ പരിഗണിക്കണമെന്നതാണ് ആവശ്യം. ബിനു ചുള്ളിയില്‍, കെ എം അഭിജിത്ത്, മഞ്ജുക്കുട്ടന്‍ എന്നിവരുടെ പേരുകളും സജീവമായി ചർച്ചയാകുന്നുണ്ട്.

എന്നാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല. കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഷാഫി തുടരണമെന്ന അഭിപ്രായം കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലർക്കുമുണ്ട്. വിഡി സതീശനടക്കമുള്ളവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റേയും നിലപാട് ഷാഫി തുടരട്ടെ എന്ന് തന്നെയാണ്. അതേസമയം ഇത്തവണ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തേണ്ടതില്ലെന്ന കടുത്ത നിലപാടും അഖിലേന്ത്യ നേതൃത്വം അറിയിച്ചിരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന നിർദ്ദേശവും നേതൃത്വം മുന്നോട്ട് വെയ്ക്കുന്നുണ്ട്.












Click it and Unblock the Notifications