രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ; ജോസ് കെ മാണി തന്നെ മത്സരിച്ചേക്കും
തിരുവനന്തപുരം; ജോസ് കെ മാണി രാജിവെച്ച രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകാൻ എൽഡിഎഫിൽ തിരുമാനം. ചൊവ്വാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു.
നവംബർ 29 നാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 31 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബർ 16 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചത്. പി ജെ ജോസഫുമായുള്ള തർക്കത്തെ തുടർന്ന് യു ഡി എഫ് വിടാനുള്ള തിരുമാനത്തിന്റെ ഭാഗാമയിട്ടായിരുന്നു രാജി. സാധാരണ ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തേണ്ടതാണെങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നീണ്ടുപോകുകയായിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടന്നിട്ടും രാജ്യസഭ തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ എം എൽ എമാരായ കെ എൻ ഉണ്ണികൃഷ്‌ണൻ, വി ആർ സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി കോടതി പരിഗണിക്കാനിരിക്കേയായിരുന്നു കഴിഞ്ഞ 31 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ സീറ്റ് ആർക്കെന്ന തരത്തിലുള്ള ചർച്ചകൾ ചൂട് പിടിച്ചിരുന്നു.
എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസിന്റെ തന്നെ സീറ്റായതിനാൽ അവർ തന്നെ മത്സരിക്കാൻ ധാരണയായി. വിഷയത്തിൽ മുന്നണി യോഗത്തിൽ പ്രത്യേക ചർച്ച നടന്നില്ല. അതേസമയം ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് നിലവിൽ ധാരണ ആയിരിക്കുന്നതെന്നാണ് വിവരം.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
രാജ്യസഭ എം പി സ്ഥാനം രാജിവെച്ച ജോസ് കെ മാണി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്നും മത്സരിച്ചിരുന്നുവെങ്കിലും മാണി സി കാപ്പനോട് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജോസ് കെ മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്ന നിലപാടായിരുന്നു പാർട്ടി നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനുള്ള താത്പര്യമായിരുന്നു ജോസ് പ്രകടിപ്പിച്ചത്.
അതേസമയം ജോസ് കെ മാണി മത്സരിച്ചില്ലേങ്കിൽ സീറ്റ് സി പി എം ഏറ്റെടുക്കുമെന്ന സമ്മർദ്ദ തന്ത്രം പയറ്റിയതോടെയാണ് ജോസ് തന്നെ മത്സരിക്കാൻ തിരുമാനിച്ചതെന്ന റിപ്പോർട്ടുകളും ഉണ്ട്.
രണ്ട് വര്‍ഷം മാത്രമാണ് കാലാവധി എന്നതിനാല്‍ ജോസ് രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്ന നിലപാടാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക്. അതിന് ശേഷം നിയമസഭയിലേക്ക് മത്സരിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാർട്ടി ചെയർമാൻ പദവി മാത്രമാണ് ജോസ് കെ മാണിക്കുള്ളത്.
അതേസമയം സ്റ്റീഫൻ ജോർജ് ഉൾപ്പെടെയുള്ളവരുടെ പേരുകളും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. നാളെ കേരള കോണ്‍ഗ്രസ് യോഗം കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എൽ ഡി എഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫൻ ജോർജ് പറഞ്ഞു.
അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും മത്സരിക്കുമെന്ന് നേരത്തേ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. കപക്ഷീയമായ മത്സരം അനുവദിക്കാനാവില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസിൽ നിന്നും ആര് മത്സരിക്കുമെന്ന് വ്യക്തമല്ല. ഇടതു ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ എത്തിയ ചെറിയാൻ ഫിലിപ്പ് മത്സപിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ് മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്നായിരുന്നു സുധാരൻ നേരത്തേ പ്രതികരിച്ചിരുന്നത്.












Click it and Unblock the Notifications