'ഇനി യുവാക്കൾക്ക് അവസരം വേണം': ' രാജ്യസഭ റെസ്റ്റിങ് പ്ലേസ് അല്ല, ഫൈറ്റിങ് പ്ലേസാണ്'; ഷാഫി പറമ്പിൽ
തിരുവനന്തപുരം: കോൺഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണം എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എംഎൽഎ ഷാഫി പറമ്പിൽ. ഈ വിഷയത്തെ സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
അവസരങ്ങൾ ലഭിച്ചവർ പുതിയ ആളുകളെ സ്വാഗതം ചെയ്യണം. സീറ്റിലേക്ക് കെട്ടിയിറക്കുകള്‍ ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. രാജ്യസഭ റെസ്റ്റിങ് പ്ലേസ് അല്ല, ഫൈറ്റിങ് പ്ലേസാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

അതേസമയം, ഈ ആവശ്യം നേരത്തെയും ഷാഫി പറമ്പിൽ എം എൽ എ ഉന്നയിച്ചിരുന്നു. ഹൈക്കമാന്‍ഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണയെ രാജ്യസഭയിൽ എത്തിക്കാനുള്ള നീക്കത്തിന് എതിരെ യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു രംഗത്ത് എത്തിയിരുന്നു. പരസ്യമായി തന്നെ വിമർശനം ഉന്നയിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
ഹൈക്കമാൻഡ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എന്‍എസ് നുസൂറാണ് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. ശ്രീനിവാസന്‍ കൃഷ്ണന്മാരെപ്പോലെയുള്ളവരെ കെട്ടിയിറക്കാന്‍ നോക്കിയാല്‍ പ്രതിഷേധത്തിന്റെ അലയൊലിയെ തടയാന്‍ സാധിക്കില്ല. കേരളത്തിലെ യൂത്ത് കോൺഗ്രസ് രാഷ്ട്രീയത്തെ മലിനമാക്കുന്നത് ആരായാലും അവരെ തടയുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
എന്നാൽ, സ്ഥാനാർത്ഥിത്വത്തിലേക്ക് താൽപര്യം പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ, മുതിർന്ന നേതാക്കൾക്ക് എതിരെ വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രതികരിക്കുന്ന സാഹചര്യമുണ്ടായി. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രസ്താവന പുറത്തിറക്കിയിരുന്നത്.
യുവാക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ കെ വി തോമസുമാരുടെ പേര് പോലും ചര്‍ച്ചയ്ക്ക് എടുക്കരുത്. അത് യൂത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന കാര്യമാണ്. രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രം ആക്കി മാറ്റാൻ ഒരിക്കലും അനുവദിക്കരുത്.
രാജ്യസഭാ സീറ്റിലേക്ക് ഒഴിവുകൾ ഉണ്ടാകും. ഈ ഒഴിവുകൾ യുവ നേതാക്കളിലൂടെ പരിഗണിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സർക്കാറിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട ഇടമാണ് രാജ്യസഭ. അവിടേയ്ക്ക് ഉറങ്ങുന്നവർ എന്തിനാണ് പോകുവാൻ ആഗ്രഹിക്കുന്നത്. വിശ്രമ ജീവിതം ആനന്ദകരം ആക്കി വീട്ടിൽ ഇരിക്കാൻ പാർട്ടി പ്രവർത്തകർ തീരുമാനിച്ചാൽ പാർട്ടി വിജയത്തിലേക്ക് മടങ്ങി വരും എന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.












Click it and Unblock the Notifications