പാലം വലിച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരിയില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായി, ഇനി കോണ്‍ഗ്രസ് ഭരിക്കുമോ
ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെയാണ് ഭരണം വീണത്. പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറുമായുള്ള തര്‍ക്കമാണ് സിപിഎം അംഗങ്ങള്‍ പാലംവലിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും സിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ നടന്ന ചില കളികളാണ് എല്ലാത്തിനും കാരണമെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. രണ്ട് പതിറ്റാണ്ടിലധികമായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ കോണ്‍ഗ്രസിന്റെ കൈകളിലെത്താന്‍ വഴിയൊരുങ്ങിയിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാം...

13 അംഗ ഭരണസമിതിയാണ് രാമങ്കരി പഞ്ചായത്തിലുള്ളത്. നാല് അംഗങ്ങള്‍ കോണ്‍ഗ്രസിനും ബാക്കി സിപിഎമ്മിനും. കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മൂന്ന് സിപിഎം അംഗങ്ങള്‍ ഒപ്പുവച്ചിരുന്നു. ഇന്ന് വോട്ടെടുപ്പ് നടന്നപ്പോള്‍ എട്ട് പേരുടെ പിന്തുണയോടെ പ്രമേയം പാസായി. വരും ദിവസങ്ങളിലും കുട്ടനാട്ടിലെ സിപിഎമ്മില്‍ വലിയ വിവാദങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്ന് തീര്‍ച്ച.
പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കുറച്ചുകാലമായി സജീവമല്ല. അടുത്തിടെ 300ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നിലും രാജേന്ദ്രകുമാര്‍ ആണെന്ന് ആരോപണം ഉയര്‍ന്നു. രാമങ്കരയിലെ പ്രശ്‌നങ്ങളോടെയാണ് കുട്ടനാട്ടില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായത്.
അവിശ്വാസ പ്രമേയം പാസായ പിന്നാലെ സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും അദ്ദേഹം രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ എന്നും പറയപ്പെടുന്നു.
സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് രാമങ്കരി പഞ്ചായത്തിലെ മാറ്റങ്ങള്‍. പ്രാദേശിക നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഇതിന്റെ സൂചനയാണ്. ഇനി ആര് പഞ്ചായത്ത് പ്രസിഡന്റാകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.












Click it and Unblock the Notifications