കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ തകര്‍ക്കാന്‍ ആസൂത്രിതശ്രമം, മുസ്ലിം സമുദായം കൂടെയുള്ളത് അഭിമാനം, നസ്‌റുദ്ദീന്‍ സാംസ്‌കാരിക കേരളത്തിന് അപമാനം: രാംദാസ് വേങ്ങേരി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെങ്ങും ദലിത് ഹര്‍ത്താല്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ മുസ്ലിം സമുദായം കൂടെ നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ദലിത് നേതാവ് രാംദാസ് വേങ്ങേരി. ഹര്‍ത്താല്‍ സംബന്ധിച്ച വ്യാപാരി നേതാവ് നസ്‌റുദ്ദീന്റെ പ്രസ്താവന ലജ്ജാകരമാണെന്നും അന്നംതിന്നുന്നവര്‍ക്ക് പറയാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികമായിരിക്കെ ഇതെക്കുറിച്ച് വണ്‍ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡന്റും ദലിത് ഐക്യമുന്നണി കണ്‍വീനറുമായ രാംദാസ് വേങ്ങേരി.

കേരളത്തില്‍ ജാതീയ അടിമത്തം അടിച്ചേല്‍പ്പിക്കാനാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ തകര്‍ക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. ഈ രാജ്യത്ത് നൂറുകണക്കിന് ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ദലിത് സമുദായങ്ങളും സംഘടനകളും നടത്തിയ ഈ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെ പ്രമുഖരായ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.

Ramdas vengeri

ഞങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി, സുപ്രിംകോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പോരാട്ടം രാജ്യത്താകെ നടക്കുകയാണ്. അതിന്റെ ഭാഗമായി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 15 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രിംകോടതി വിധി പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തുന്നത്. ഈ സമരത്തെയാണ് സാംസ്‌കാരിക സമ്പന്നമെന്ന് അവകാശപ്പെടുന്ന കേരള സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിച്ചു ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതുവഴി ജാതീയമായ മേല്‍ക്കോയ്മ പട്ടികജാതിക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും രാംദാസ് വേങ്ങേരി പറഞ്ഞു.

ഹര്‍ത്താല്‍ സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്റെ പ്രസ്താവന ലജ്ജാകരമാണ്. സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ് നസ്‌റുദ്ദീന്‍. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും വ്യാപാരവും വ്യവസായവുമായി യാതൊരു ബന്ധവുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ചരിത്രവും വര്‍ത്തമാനവും പഠിക്കാന്‍ തയ്യാറാകണം. ഇവിടെ വ്യവസായികളും വ്യാപാരികളും വിറ്റഴിക്കുന്നത് പട്ടികജാതിക്കാരന്‍ ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നങ്ങളാണ്.

നസ്‌റുദ്ദീന്‍ കട്ടന്‍ചായ കുടിക്കാറുണ്ടോ..? ഉണ്ടെങ്കില്‍ ആ തേയില നുള്ളിയെടുക്കുന്നത് രാജ്യത്തെ പട്ടികജാതിക്കാരനാണ്. നസ്‌റുദ്ദീന്‍ അന്നം തിന്നാറുണ്ടോ? ഉണ്ടെങ്കില്‍ ഇവിടെ അരിയും ഗോതമ്പുമുണ്ടാക്കുന്നത് ഇവിടത്തെ പട്ടികജാതിക്കാരാണ്. അവര്‍ കൊണ്ടുതരുന്ന സാധനങ്ങളാണ് നസ്‌റുദ്ദീന്‍ മേശപ്പുറത്തിട്ട് ഞംഞം തിന്നുന്നത്. അങ്ങനെ വരുമ്പോള്‍ ഇവിടത്തെ അടിസ്ഥാനപരമായ വ്യാപാരികളും വ്യവസായികളും പട്ടികവര്‍ഗക്കാരാണ്. അവര്‍ നടത്തുന്ന സമരത്തെയാണ് നസ്‌റുദ്ദീന്‍ പുഛിച്ചുതള്ളിയത്.

അവഗണനകള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങളുടെ ഭാഗമായാണ് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതില്‍ മുസ്ലിം സമുദായം ഞങ്ങളോട് യോജിക്കുന്നു. മുസ്ലിം ലീഗും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മറ്റു മുസ്ലിം സംഘടനകളും ഞങ്ങളോട് യോജിക്കുന്നു. അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇവിടത്തെ ദലിത് വിഭാഗത്തെ അടിച്ചമര്‍ത്തുമ്പോള്‍ മുസ്ലിം സമുദായത്തെപ്പോലെ ഒരു സമുദായം കൂടെയുണ്ട് എന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനകരമാണ്. അതുകൊണ്ടുതന്നെ മുസ്ലിംകളും ദലിതുകളും കേരളത്തില്‍ ഒരുമിച്ചു സമരരംഗത്ത് ഇറങ്ങേണ്ട കാലമായിരിക്കുന്നു എന്നും രാംദാസ് വേങ്ങേരി പറഞ്ഞു.

ഈ ഹര്‍ത്താല്‍ പരിചയപ്പെടുത്തുക എന്നുള്ളത് സവര്‍ണ ഫാസിസ്റ്റുകളായ ബിജെപിയുടെയും അവര്‍ക്ക് ഓശാനപാടുന്ന സിപിഎമ്മിന്റെയും അകത്തും പുറത്തും ഒരേ നയമില്ലാത്ത കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. അവര്‍ക്കു താക്കീതായി കേരളത്തില്‍ ഒരു പുതിയ ദലിത് മൂവ്‌മെന്റ് രൂപപ്പെട്ടുവരുകയാണെന്നും രാംദാസ് വേങ്ങേരി പറഞ്ഞു.

English summary
Ramdas vengeri about Dalit harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X